തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർ


FEBRUARY 23, 2021, 12:39 PM IST

കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ മാന്നാറിലെ തന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട യുവതി സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി.

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ 19 ന് നാട്ടിൽ മടങ്ങിയെത്തിയ മാന്നാർ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്.  ഈ സംഘവുമായി ഉണ്ടായിരുന്ന ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചത്.

സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണിയായി പ്രവർത്തിച്ചിരുന്ന താൻ പല തവണ സ്വർണം നാട്ടിലെത്തിച്ചതായി പൊലീസിന്  ബിന്ദു മൊഴി നൽകിയിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട്  ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാർ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയെ വീട് കാണിച്ചുകൊടുത്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചുവെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പീറ്ററിനെ കസ്റ്റഡിയിലെടുത്തത്.

 ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ സംഘത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.