സര്‍ക്കാര്‍ ഓഫീസില്‍ ഫയല്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പ് കടിച്ചു


SEPTEMBER 18, 2019, 2:04 PM IST

മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പുകടിച്ചു. ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

ഡിഡിഇ ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം ഒരു ജീവനക്കാരിയുടെ ശബ്ദസന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്നുവെന്ന് മാത്രമല്ല, കെട്ടിടങ്ങളുടെ മേല്‍പ്പാളി പലയിടത്തും അടര്‍ന്നനിലയിലുമാണ്. മഴവെള്ളവും കക്കൂസ് മാലിന്യവും കലര്‍ന്നാണ് ഒഴുകിയിരുന്നത്. ഫയലുകള്‍ മുഴുവന്‍ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പലപ്പോഴും പാമ്പുകളെ ഓഫീസിനുള്ളില്‍ ജീവനക്കാര്‍ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ മരണഭയത്തോടെ ജോലിചെയ്യേണ്ട അവസ്ഥയിലാണ് ഡിഡിഇ ഓഫീസ് ജീവനക്കാര്‍.

Other News