ദുരിതാശ്വാസം:പ്രതികരിച്ച ധര്‍മ്മജനെതിരെ അസഭ്യവര്‍ഷവുമായി സൈബര്‍ പോരാളികള്‍


AUGUST 17, 2019, 2:15 AM IST

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനുശേഷം ദുരിതബാധിതര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്‌തിട്ടില്ലെന്ന നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പരാമര്‍ശത്തെ അതിരൂക്ഷമായി വിമര്‍ശിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണം. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ ഒരു വിഭാഗം അസഭ്യവര്‍ഷം കൊണ്ടു നേരിട്ടപ്പോള്‍ സത്യം പറയാന്‍ ധര്‍മജന്‍ ധൈര്യം കാണിച്ചു എന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.

സ്വകാര്യ ചാനലിലായിരുന്നു ധര്‍മജന്റെ പരാമര്‍ശം:കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികള്‍ എത്തി. എന്നാല്‍ അതേ വേഗത്തില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല.

താൻ താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരണമാക്കിയായിരുന്നു ധര്‍മജന്റെ പ്രതികരണം.ഇതിനു പിന്നാലെയാണ് ധര്‍മജനെതിരെ ഫേസ് ബുക്ക് ആക്രമണം തുടങ്ങിയത്. ധര്‍മജനെ സംഘിയെന്നാണ് അധികം പേരും വിശേഷിപ്പിക്കുന്നത്. താരത്തിന്റെ എല്ലാ പോസ്റ്റുകള്‍ക്കും താഴെ അസഭ്യവര്‍ഷം നടത്തിയാണ് സൈബര്‍ പോരാളികള്‍ പ്രതികരിച്ചത്. ധര്‍മജന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പോലും ചിലര്‍ മുന്നോട്ടു വച്ചു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ രോഷം കൊള്ളുന്നതില്‍ അടിസ്ഥാനമില്ലെന്നും മറ്റു ചിലര്‍ പ്രതികരിച്ചു. ധര്‍മ്മജന് പിന്തുണ നല്‍ന്നവരെയും ഇടതുപക്ഷ സൈബര്‍ പേരാളികള്‍ തെറിവിളിക്കുന്നുണ്ട്. 

ഡാ സംഘി ധര്‍മ്മജാ ഇനി നിന്റെ അനധികൃത ബോള്‍ഗാട്ടി പാലസ് അവിടെ വേണോ വേണ്ടയോ എന്ന് സഖാക്കള്‍ തീരുമാനിക്കും,ധര്‍മ്മജന്റെ കടയില്‍ നിന്ന്  ഇനി മീന്‍ വാങ്ങില്ല,പിണറായിയെ കുറ്റം പറഞ്ഞ ധര്‍മ്മജന്‍ സംസ്ഥാന ദ്രോഹിയാണ്.....ഇങ്ങനെ പോകുന്നു കമന്റുകളും തെറിവിളികളും. 

ധര്‍മ്മജന്‍ കഴിഞ്ഞ ദിവസം ചാനലില്‍ പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം: 

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ നഷ്‌ടപരിഹാരം തന്നെ കൊടുത്തു തീര്‍ത്തിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് പണം ലഭിക്കുന്നതല്ലാതെ ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം ആണ്. കഴിഞ്ഞ പ്രളയത്തിനുശേഷം ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്ന് തന്നെ എത്തി. എന്നാല്‍ ഈ പണം എത്തിക്കാന്‍ മാത്രം ഒരു സംവിധാനവും സംസ്ഥാനത്ത് ഉണ്ടായില്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്,മന്ത്രിമാരുണ്ട്, എം പിമാരുണ്ട്, എം എല്‍ എമാരുണ്ട്; ജില്ലാ പഞ്ചായത്തും കളക്‌ടറും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. എന്നിട്ടും ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. 

സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവര്‍ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. നടന്മാരുടെ സംഘടനായ അമ്മയില്‍ നിന്നും എത്രയോ കോടി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ നിരവധി പേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്‌തിട്ടുണ്ട്. ഇതില്‍ പകുതി എങ്കിലും ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടോ? നമുക്ക് എം എല്‍ എമാരും എം പിമാരുമുണ്ട്. എന്നിട്ടും സാധാരണക്കാര്‍ക്ക് ധനസഹായം എത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. ഇതില്‍ രാഷ്ട്രീയ ഭേദമൊന്നുമില്ല. 

ഇന്നസെന്റ് എം പിയായിരുന്നപ്പോള്‍ അദ്ദേഹത്തോട് ചോദിച്ച് സ്ഥലം വാങ്ങി വീട് വെച്ച് നല്‍കാന്‍ സാധിക്കുമായിരുന്നില്ലേ? ഒന്നിനും നമ്മുടെ അധികാരികള്‍ക്ക് സാധിക്കില്ല. നഷ്‌ടം കണക്കാക്കുന്നതിലും കൃത്യതയില്ലായ്‌മ സംഭവിച്ചിട്ടുണ്ട്.

Other News