സഭയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വത്തിക്കാന് അപ്പീല്‍ നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍


AUGUST 18, 2019, 1:11 AM IST

കൊച്ചി:എഫ്.സി.സി സന്ന്യാസിനി സമൂഹത്തിൽ നിന്നു പുറത്താക്കിയ തീരുമാനത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കി.ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ സമരം ചെയ്തതിന് ഉൾപ്പെടെയാണ് സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരായ എഫ്.സി.സി സന്ന്യാസിനി സമൂഹത്തിന്റെ നടപടി.

ഈ മാസം ഏഴിനാണ് സിസ്റ്റര്‍ ലൂസിയെ സന്യസ്ത സഭയില്‍ നിന്നും പുറത്താക്കിയത്. പത്ത് ദിവസത്തിനകം മഠത്തില്‍ നിന്നു പുറത്തു പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. മകളെ മഠത്തില്‍ നിന്നും കൂട്ടികൊണ്ട് പോകണമെന്നാവശ്യപ്പെട്ട് സഭ ലൂസി കളപ്പുരക്കലിന്റെ അമ്മയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

മെയ് 11 ന് ചേര്‍ന്ന സഭയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീകള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റർ ലൂസി കളപ്പുരക്കല്‍ ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാര്‍ വാങ്ങി, ശമ്പളം മഠത്തിലേക്ക് നല്‍കിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ലൂസി കളപ്പുരക്കലിനെതിരെ സഭ ഉന്നയിച്ചിരുന്നത്.

Other News