സുഖവാസത്തിന് വിരാമം;മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ ശ്രീറാം വെങ്കിട്ടരാമൻ ജയിലിൽ 


AUGUST 4, 2019, 8:13 PM IST

തിരുവനന്തപുരം:മദ്യ ലഹരിയിൽ കാറോടിച്ചു മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍ഡിലായ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. ശ്രീറാമിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അതിനാല്‍ സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്നും മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം വഞ്ചിയൂർ  മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.തുടർ ചികിത്സ ആവശ്യമെങ്കിൽ ജയിൽ സൂപ്രണ്ട് നടപടി സ്വീകരിക്കണമെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. 

കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാന്‍ ആയിരുന്നു പോലീസിന്‍റെ നീക്കമെങ്കിലും ജയിലിലേക്ക് കൊണ്ടു പോകാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിക്കുകയായിരുന്നു.ആംബുലന്‍സില്‍ കയറിയാണ് മജിസ്‌ട്രേറ്റ് ശ്രീറാമിനെ കണ്ടത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് വന്നതിനു പിന്നാലെ ശ്രീറാമിനെ ജില്ലാജയിലിലേക്ക് മാറ്റി.

ശ്രീറാമിനെ ജില്ലാജയിലിലേക്ക് മാറ്റുകയാണെന്ന് ഒപ്പമുള്ള പോലീസുകാര്‍ തന്നെയാണ് ആദ്യം അറിയിച്ചത്.സൂപ്രണ്ടിന്റെ പരിശോധനയ്ക്കുശേഷം മെഡിക്കൽ കോളേജ്  ആശുപത്രിസെല്ലിലേക്ക് മാറ്റുമെന്നാണ് വിവരം.

ഏറെ വിവാദങ്ങൾക്കൊടുവിലാണ് സ്വകാര്യ ആശുപത്രിയിലെ സുഖ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ പോലീസ് തയ്യാറായത്. മാസ്‌ക്  ധരിപ്പിച്ച് സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റിയാണ് ശ്രീറാമിനെ പോലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. ശ്രീറാം വെങ്കിട്ടരാമന് റിമാന്‍ഡില്‍ 'സുഖവാസം' എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കിംസില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്.  

ഇതേസമയം,ശ്രീറാം വെങ്കിട്ടരാമൻ ജാമ്യംതേടി കോടതിയെ സമീപിച്ചു.തിരുവനന്തപുരം സി ജെ എം കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.തിങ്കളാഴ്‌ച കോടതി അപേക്ഷ പരിഗണിക്കും.