ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഇന്നു തന്നെ റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി


AUGUST 19, 2019, 3:27 PM IST

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ആരോപണവിധേയനായ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് ഇന്ന് സസ്പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ഗതാഗതവകുപ്പ് നടപടിയെടുക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇരുവരും മറുപടി നല്‍കിയില്ല.

അമിത വേഗത്തിനും, കാറിന്റെ ഗ്ലാസ് കറുത്ത പേപ്പര്‍ ഒട്ടിച്ചതിനും വഫക്ക് നോട്ടീസ് നല്‍കിയിരുന്നു. അമിത വേഗത്തിന് വഫ പിഴയടച്ചിരുന്നു. വഫക്ക് വീണ്ടും നോട്ടീസ് നല്‍കാനാണ് വകുപ്പ് തീരുമാനം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിങ് ലൈസന്‍സിന്മേല്‍ നടപടിയെടുക്കാന്‍ വൈകിയതില്‍ മോട്ടോര്‍ വാഹന വകുപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിമര്‍ശനത്തെ തുടര്‍ന്നാണ് ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയത്.

കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് ശ്രമിച്ചത് പോലെ മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കാതെ ഒത്തുകളിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. അപകടം നടന്നുവെന്ന് വ്യക്തമായപ്പോള്‍ തന്നെ ഇരുവരുടെയും ലൈസന്‍സിന്മേല്‍ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നെങ്കിലും 15 ദിവസങ്ങള്‍ക്ക് ശേഷവും നടപടിയുണ്ടായില്ല. നടപടിയെടുക്കാത്തതിന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് വിചിത്രവാദങ്ങളാണ് മുന്നോട്ട് വെക്കുന്നത്.