ചന്ദ്രയാന്‍ 2ന്റെ സോഫ്റ്റ് ലാന്‍ഡിങ് കാണാന്‍  പ്രധാനമന്ത്രിക്കൊപ്പം തന്‍വീറും ശിവാനിയും


SEPTEMBER 5, 2019, 3:01 PM IST

കണ്ണൂര്‍:  ഇന്ത്യയുടെ പ്രഥമ ചാന്ദ്രപേടകം ചന്ദ്രനിലിറങ്ങുന്ന ചരിത്ര നിമിഷം ആ ദൃശ്യം കാണാനെത്തുന്ന പ്രധാനമന്ത്രിക്കും വിശിഷ്ട വ്യക്തികള്‍ക്കും ഒപ്പം രണ്ട് മലയാളി വിദ്യാര്‍ത്ഥികളും.

കണ്ണൂര്‍ ആര്‍മി പബ്ലിക് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ അഹമ്മദ് തന്‍വീറും. തിരുവനന്തപുരം നന്തന്‍കോട് ഹോളി ഏഞ്ചല്‍സ് ഐഎസ്സി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനി ശിവാനിയുമാണ് ആ ഭാഗ്യ താരങ്ങള്‍.

ബഹിരാകാശത്തെക്കുറിച്ചും റോക്കറ്റ് സയന്‍സിനെക്കുറിച്ചുമുള്ള പ്രശ്‌നോത്തരിയില്‍ പങ്കെടുത്തു വിജയിച്ചാണ് ഇരുവരും ചന്ദ്രയാന്‍ 2ന്റെ സോഫ്റ്റ് ലാന്‍ഡിങ് കാണാന്‍ അവസരം നേടിയത്. ഓരോ സംസ്ഥാനത്തു നിന്നും രണ്ടുപേര്‍ക്കു വീതമാണു ക്ഷണം. പ്രധാനമന്ത്രിയുമായി സംവദിക്കാനും ഈ മിടുക്കര്‍ക്ക് അവസരം ലഭിക്കും.

ഓണ്‍ലൈന്‍ ക്വിസില്‍ 20 ചോദ്യങ്ങളായിരുന്നു പരമാവധി സമയം 10 മിനിറ്റ്. ക്വിസില്‍ ചെറുപ്പംമുതല്‍ താല്‍പര്യമുള്ള ശിവാനിയും തന്‍വീറും നിമിഷങ്ങള്‍കൊണ്ട് ഉത്തരങ്ങള്‍ വിക്ഷേപിച്ചു. വിജയികളായെന്ന സന്ദേശം  ഓഗസ്റ്റ് 28നാണ് ഇരുവര്‍ക്കും ലഭിച്ചത്.

കണ്ണൂരിലെ ആര്‍ക്കിടെക്ചര്‍ കമ്പനി ഉദ്യോഗസ്ഥനായ കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി അബ്ദുല്‍ സലാമിന്റെയും ഡിഫന്‍സ് അക്കൗണ്ട്‌സ് വിഭാഗം സീനിയര്‍ അക്കൗണ്ടന്റായ ആയിഷാബിയുടെയും മകനാണ് അഹമ്മദ് തന്‍വീര്‍. സഹോദരി ഫാത്തിമ പള്ളിക്കുന്ന് ഗവ.എച്ച്എസ്എസ്സില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ പ്രൊപ്പല്‍ഷന്‍ ഗ്രൂപ്പ് എന്‍ജിനീയര്‍ എന്‍.ശ്രീനിവാസിന്റെയും ജി.രേഖയുടെയും മകളാണ് ശിവാനി. സഹോദരി ശ്രേയ പാലക്കാട് ഐഐടിയില്‍ പഠിക്കുന്നു.

Other News