പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പില്‍ എന്‍ ഐ ടി അധ്യാപകനെതിരെ പരാമര്‍ശം


SEPTEMBER 21, 2022, 8:23 PM IST

ന്യൂദല്‍ഹി: പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥി അഖിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി 21കാരനായ അഖിന്‍ എസ് ദിലീപിന്റെ ആത്മഹത്യാക്കുറിപ്പാണ് കണ്ടെടുത്തത്. അഖിന്‍ നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് എന്‍ ഐ ടിയിലെ അധ്യാപകനെതിരെ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. 

എന്‍ ഐ ടിയിലെ പഠനം ഉപേക്ഷിക്കാന്‍ അധ്യാപകന്‍ നിര്‍ബന്ധിച്ചുവെന്നും ആ തീരുമാനത്തില്‍ താന്‍ ദുഃഖിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. 

കോഴിക്കോട് എന്‍ ഐ ടിയിലെ പ്രൊഫ. പ്രസാദ് കൃഷ്ണയ്ക്കെതിരെയാണ് പരാമര്‍ശം. താനെടുത്ത തീരുമാനത്തില്‍ പശ്ചാത്തപിക്കുന്നതായും താന്‍ എല്ലാവര്‍ക്കും ഭാരമാണെന്നും കുറിപ്പിലുണ്ടായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍നിന്ന് കണ്ടെടുത്ത കുറിപ്പ് അഖിന്റേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഖിന്‍ നേരത്തെ കോഴിക്കോട് എന്‍ ഐ ടിയിലെ ബി ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. 

പഞ്ചാബിലെ ഫഗ്വാരയിലുള്ള ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ ഡിസൈന്‍ കോഴ്സ് ചെയ്തിരുന്ന അഖിന്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. അഖിന്റെ മരണത്തിന് പിന്നാലെ സര്‍വകലാശാല കാമ്പസില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പത്ത് ദിവസത്തിനിടെ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയാണിതെന്നും അന്വേഷണം വേണമെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. സംഭവത്തില്‍ പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്ക് അന്വേഷണം നീട്ടാനാണ് പഞ്ചാബ് പൊലീസിന്റെ തീരുമാനം.

Other News