പാലക്കാട്: കൈക്കൂലി കേസില്‍ പിടിയിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍. നേരത്തെ 14 ദിവസത്തേക്ക് തൃശ്ശൂര്‍ വിജിലന്‍സ് കോടതി സുരേഷ്‌കുമാറിനെ റിമാന്റ് ചെയ്തിരുന്നു. താലൂക്കുതല അദാലത്തിനിടെ 2500 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി സുരേഷ് കുമാര്‍ പിടിയിലായത്.
കഴിഞ്ഞ 15 വര്‍ഷമായി താലൂക്കിലെ വിവിധ വില്ലേജുകളിലായി സേവനമനുഷ്ഠിച്ച സുരേഷ് കുമാര്‍ ആരോടും അടുപ്പമില്ലാതെ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായിരുന്നു. എന്നാല്‍ ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ 1.06 കോടിയുടെ സമ്പാദ്യമാണ് കണ്ടെത്തിയത്. നഗരമധ്യത്തില്‍ വില്ലേജ് ഓഫീസിനടുത്തുള്ള ജി ആര്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകള്‍ നിലയിലെ ഒറ്റമുറിയിലാണ് കഴിഞ്ഞ പത്തുവര്‍ഷമായി ഇയാള്‍ താമസിക്കുന്നത്. സുരേഷ് കുമാര്‍ താമസിച്ചിരുന്ന മുറിക്ക് യാതൊരു വൃത്തിയുമുണ്ടായിരുന്നില്ല. പൊടിയും മാറാലയും പിടിച്ച് ആള്‍താമസമുണ്ടെന്ന് തന്നെ സംശയിക്കുന്ന മുറിയിലാണ് പിടികൂടിയ പണം മുഴുവന്‍ സൂക്ഷിച്ചിരുന്നത്.
അടുത്ത മുറികളിലെയും സമീപത്തെ കടകളിലെയും ആളുകളുമായും ബന്ധമില്ലാത്ത സുരേഷ് കുമാറിന്റെ അനധികൃത സമ്പാദ്യത്തിലെ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത് നോട്ടെണ്ണല്‍ മെഷീന്‍ ഉപയോഗിച്ചായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിടികൂടുന്ന ഏറ്റവും വലിയ അനധികൃത സമ്പാദ്യമാണിത്.
നേരത്തെ അട്ടപ്പാടി പാടവയല്‍ വില്ലേജിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. 2009 മുതല്‍ 2022 വരെ മണ്ണാര്‍ക്കാടായിരുന്നു. ഏകദേശം ഒരുവര്‍ഷത്തോളമായി പാലക്കയം വില്ലേജിലാണ് ജോലി നോക്കുന്നത്.