കീഴടങ്ങുന്നവര്‍ക്ക് സംരംഭക അവസരങ്ങള്‍; തീവ്രവാദത്തില്‍നിന്ന് യുവാക്കളെ അകറ്റാന്‍ പദ്ധതി


JULY 28, 2019, 5:08 PM IST

തിരുവനന്തപുരം: കീഴടങ്ങുന്ന നക്‌സലൈറ്റുകള്‍ക്ക് ഗുണകരമായ തൊഴിലും സംരംഭക അവസരങ്ങളും നല്‍കി തീവ്രവാദത്തിലേക്ക് തിരിച്ചുപോവില്ലെന്ന് ഉറപ്പാക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍.

സംസ്ഥാനത്ത് കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്കായി സംസ്ഥാന പോലീസ് മേധാവി സമര്‍പ്പിച്ച പുനരധിവാസപദ്ധതിക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായിരുന്നു. മാവോയിസ്റ്റ് തീവ്രവാദികളുടെ അക്രമത്തിന് തടയിടുകയും തീവ്രവാദത്താല്‍ വഴിതെറ്റിക്കപ്പെട്ട യുവാക്കളെ അതില്‍നിന്നും അകറ്റുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കീഴടങ്ങിയവര്‍ അതിനുശേഷം മൂന്നു മുതല്‍ അഞ്ചുവര്‍ഷംവരെ കര്‍ശനനിരീക്ഷണത്തിനു വിധേയമായിരിക്കും.

സംസ്ഥാനത്തെ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ്, ഓഫീസര്‍ ഇന്‍ ചാര്‍ജില്‍ കുറയാത്ത ഉദ്യോഗസ്ഥരുടെയോ സെന്‍ട്രല്‍ ആംഡ് ഫോഴ്‌സില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡന്റില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെയോ അല്ലെങ്കില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് നാമനിര്‍ദേശം ചെയ്യുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെയോ മുന്നിലാണ് കീഴടങ്ങേണ്ടത്. കീഴടങ്ങുന്ന കേഡറിന്റെ സുരക്ഷ ഉടനടി ഉറപ്പാക്കി അദ്ദേഹത്തെ താത്കാലിക ക്യാമ്പിലേക്കു മാറ്റണം. കീഴടങ്ങുന്ന തീവ്രവാദികളുടെ പാര്‍ട്ടിയിലെ പദവിയും കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും പരിഗണിച്ച് കാറ്റഗറി-1, 2-എ, 2-ബി എന്നിങ്ങനെ കീഴടങ്ങുന്നവരെ തരംതിരിക്കും.

കീഴടങ്ങുന്നവര്‍ പദ്ധതിപ്രകാരമുള്ള സഹായത്തിന് അര്‍ഹരാകണമെങ്കില്‍ അവര്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയിലെ പ്രവര്‍ത്തകരുടെ/അംഗങ്ങളുടെ/ ബന്ധമുള്ളവരുടെ യഥാര്‍ഥപേരുകളും വ്യക്തിത്വവും സംഘടനയുടെ ആയുധ, ധനസ്രോതസ്സുകള്‍, സന്ദേശവാഹകര്‍ തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്തണം. താന്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റകൃത്യങ്ങളുടേയും വിശദാംശങ്ങളും ആസൂത്രകരുടേയും പങ്കാളികളുടേയും പേരുകളും അപഹരിച്ച വെടിക്കോപ്പുകളുടേയും മറ്റും വിശദാംശങ്ങളും വെളിപ്പെടുത്തണം. സ്വേച്ഛയാലുള്ള കീഴടങ്ങല്‍ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പൊതുപ്രഖ്യാപനം നടത്തണം.

തീവ്രവാദികളുടെ കീഴടങ്ങലും പുനരധിവാസവും പരിശോധിക്കാനും നിരീക്ഷിക്കാനും ജില്ലാതലത്തില്‍ സറണ്ടര്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഓഫീസറും സ്‌ക്രീനിങ് കമ്മിറ്റിയും റീഹാബിലിറ്റേഷന്‍ കമ്മിറ്റിയും ഉണ്ടാകും. കീഴടങ്ങുന്നവരുടെ പുനരധിവാസ പാക്കേജ് തീരുമാനിക്കുന്നത് റീഹാബിലിറ്റേഷന്‍ കമ്മിറ്റിയായിരിക്കും. ജില്ലാ പോലീസ് മേധാവിയായിരിക്കും രണ്ടു സമിതികളുടെയും നോഡല്‍ ഓഫീസര്‍. കീഴടങ്ങല്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് 15 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. പുനരധിവാസ പാക്കേജിന് രണ്ടുമാസത്തിനുള്ളിലും അനുമതി നല്‍കണം.കീഴടങ്ങുന്നത് വനിതാ മാവോയിസ്റ്റാണെങ്കില്‍ ഡിസ്ട്രിക്റ്റ് ഓഫീസറില്‍ കുറയാത്ത വനിതാ ഓഫീസറെ കമ്മിറ്റി ചെയര്‍മാന്‍ നിയമിക്കണം. തീവ്രവാദിയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, പ്രായം, വിദ്യാഭ്യാസയോഗ്യത, അയാളുടെ കാര്യത്തില്‍ പുനരധിവാസ പാക്കേജിന്റെ പ്രായോഗികത എന്നിവ പുനരധിവാസ പാക്കേജിനു പരിഗണിക്കണം.ഒന്നാം ഗണത്തില്‍ പെടുന്ന തീവ്രവാദിക്കു കീഴടങ്ങിയശേഷം അഞ്ചുലക്ഷം രൂപ നല്‍കും. അതില്‍ 2,50,000 അടിയന്തരാവശ്യങ്ങള്‍ക്കു നല്‍കും. ബാക്കി തുക അയാളുടേയും ജില്ലാ നോഡല്‍ ഓഫീസറുടേയും പേരില്‍ സ്ഥിരനിക്ഷേപമാക്കും. ഈ തുകയില്‍ 1,25,000 രൂപ ഒരു വര്‍ഷത്തിനുശേഷവും ബാക്കി തുക മൂന്ന് വര്‍ഷത്തിനുശേഷവും കീഴടങ്ങിയ ആളുടെ പെരുമാറ്റത്തിനു വിധേയമായി നല്‍കും. രണ്ടും മൂന്നും കാറ്റഗറികളില്‍പെടുന്നവര്‍ക്ക് ഇതേ മാതൃകയില്‍ മൂന്നു ലക്ഷം രൂപ വീതം നല്‍കും.

അടിയറവ് വയ്ക്കുന്ന ആയുധങ്ങള്‍/വെടിക്കോപ്പുകള്‍ക്ക് ശേഷി അനുസരിച്ച് ഒന്നിന് 35,000 രൂപ വരെ നല്‍കും. കീഴടങ്ങുന്ന കേഡറിന്റെയും നോഡല്‍ ഓഫീസറുടെയും പേരില്‍ നിക്ഷേപിക്കുന്ന ഈ തുകയും സ്വഭാവം പരിഗണിച്ച് മൂന്നുവര്‍ഷത്തിനുശേഷമാണ് നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ ഭവന നയമനുസരിച്ച് വീട്, ഔദ്യോഗികപഠനത്തിനുള്ള പ്രായം പിന്നിട്ടയാളാണെങ്കില്‍ പഠനം തുടരുന്നതിന് 15,000 രൂപ. ജീവിച്ചിരിക്കുന്ന പങ്കാളിയില്ലെങ്കില്‍ വിവാഹസഹായമായി 25,000 രൂപ, അഭിരുചിക്ക് അനുസൃതമായ തൊഴില്‍ പഠിക്കുന്നതിന് പരിശീലനം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ഒന്നാം കാറ്റഗറിയില്‍ പെടുന്നയാള്‍ക്ക് 10,000 രൂപയും രണ്ടാം വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 4,000 രൂപയും മൂന്നാം വിഭാഗത്തിന് 3,000 രൂപയും പരമാവധി മൂന്നു വര്‍ഷംവരെ സ്റ്റെപ്പന്‍ഡും ലഭിക്കും.

കീഴടങ്ങിയവര്‍ക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യങ്ങളുടെ കേസുകള്‍ കോടതികളില്‍ തുടരും. നിസ്സാരകേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് പരിഗണിക്കാം. കീഴടങ്ങിയവര്‍ക്കെതിരെയുള്ള കേസുകള്‍ വേഗത്തിലാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കും.

കേസുകള്‍ പിന്‍വലിക്കണമോയെന്ന് അവര്‍ ഉള്‍പ്പെട്ട കേസുകളുടെ സ്വഭാവം വിലയിരുത്തി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി ശുപാര്‍ശ ചെയ്യും. സംസ്ഥാന പോലീസ് മേധാവി, നിയമ സെക്രട്ടറി, ഇന്റലിജന്‍സ് മേധാവി, പോലീസ് സൂപ്രണ്ട് (ആഭ്യന്തര സുരക്ഷ), ഐ.ജി (ആഭ്യന്തര സുരക്ഷ) എന്നിവരാണ് മറ്റു അംഗങ്ങള്‍.

കേഡര്‍മാരുടെ തന്ത്രപരവും ആസൂത്രിതവുമായ കീഴടങ്ങല്‍ ഒഴിവാക്കുന്നതിന് രണ്ട് ആദരണീയവ്യക്തിത്വങ്ങളാല്‍ (സാമൂഹികപ്രവര്‍ത്തകരോ സാഹിത്യപ്രതിഭകളോ പ്രതികൂല പശ്ചാത്തലമില്ലാത്ത മറ്റു ആദരണീയ വ്യക്തിത്വങ്ങളോ) കീഴടങ്ങുന്നവരുടെ വിശ്വസനീയത ഉറപ്പു വരുത്തണമെന്നും പദ്ധതി വ്യക്തമാക്കുന്നു.

Other News