അബ്‌ദുള്ളക്കുട്ടി കോന്നിക്കാരോട്: അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായിയുടെ നെഞ്ചത്ത് കുത്തണം


OCTOBER 10, 2019, 9:08 PM IST

പത്തനംതിട്ട:കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്‍റെ വിജയം ഉറപ്പാണെന്ന് എ പി അബ്ദുള്ളക്കുട്ടി. പോളിംഗ് സ്റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്‍റെ നെഞ്ചില്‍ കുത്താനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പെന്നും  പ്രചാരണത്തിന് എത്തിയ അദ്ദേഹം പറഞ്ഞു.

വികസനവും വിശ്വാസവുമാണ് കോന്നിയിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍. രണ്ടായാലും കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് അബ്‌ദുള്ളക്കുട്ടി പറഞ്ഞു. താമരശ്ശേരി ബിഷപ്പിന്‍റെ മുഖത്തുനോക്കി നികൃഷ്‌ട  ജീവി എന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.എന്നും വിശ്വാസികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തിയാണ് പിണറായി. സി പി എം അതൊക്കെ മാറ്റിപ്പറയാന്‍ ഇപ്പോള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ വിശ്വസിക്കുന്നില്ല.

വിശ്വാസസംരക്ഷണത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്നു സുരേന്ദ്രന്‍. ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തു.അതിനൊക്കെ പകരം വീട്ടാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്.

ശബരിമലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിജി മുന്നോട്ട് വച്ച ഒരു സ്വപ്‌നമുണ്ട്. ശബരിമലയെ ഒരു ലോകോത്തര തീര്‍ത്ഥാടന കേന്ദ്രമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്..മോഡി പറയുന്നതൊക്കെ യാഥാര്‍ത്ഥ്യമാക്കുന്ന വ്യക്തിയാണ്. അദ്ദേഹം വിഭാവനം ചെയ്‌ത ശബരിമല യാഥാര്‍ത്ഥ്യമാകാൻ കെ സുരേന്ദ്രന് വോട്ടുചെയ്യണമെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.

Other News