സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് സമ്മേളനം ഇന്ന് കൊച്ചിയില്‍ തുടങ്ങും


AUGUST 19, 2019, 11:16 AM IST

കൊച്ചി: സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് സമ്മേളനം ഇന്നുമുതല്‍ കൊച്ചിയില്‍ തുടങ്ങും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് സിനഡിന്റെ പ്രധാന അജണ്ട. ഭൂമികച്ചവട വിവാദം, വ്യാജരേഖ കേസ്, വൈദിക സമരം എന്നിവയടക്കമുള്ള വിവാദ വിഷയങ്ങളാവും സിനഡ് പ്രധാനമായും ചര്‍ച്ചയ്‌ക്കെടുക്കുക.സിറോ മലബാര്‍ സഭയുടെ സമ്പൂര്‍ണ സിനഡ് സമ്മേളനത്തിനാണ് ഇന്ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമാവുക. 12 ദിവസം നീളുന്നതാണ് സമ്മേളനം.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയ്ക്ക് പിന്നാലെ ഉയര്‍ന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് സിനഡിന് മുന്നിലുള്ള പ്രധാന ദൗത്യം. വിവാദ ഭൂമിയിടപാടിലെ അന്വേഷണ റിപ്പോര്‍ട്ടും സിനഡ് ചര്‍ച്ച ചെയ്യും.

കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ നിര്‍മിച്ചുവെന്ന കേസില്‍ സഭ തന്നെ നല്‍കിയ പരാതിയില്‍ വൈദികര്‍ പ്രതികളായ വിഷയവും സിനഡിന്റെ പരിഗണനയ്‌ക്കെത്തും.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ പരസ്യ സമരമാണ് നിലവില്‍ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര പ്രതിസന്ധി. അതിരൂപതയുടെ ഭരണനിര്‍വഹണത്തിനായി സ്വതന്ത്ര ചുമതലയുള്ള മെത്രാനെ നിയമിച്ചേക്കുമെന്നാണ് സൂചന.

നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന രണ്ട് സഹായമെത്രാന്മാരുടെ പുതിയ ചുമതലകളും സിനഡ് തീരുമാനിക്കും. 57 മെത്രാന്മാരാണ് സിനഡില്‍ പങ്കെടുക്കുന്നത്. അല്‍മായ പ്രതിനിധികളായ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ 26  ന് സിനഡ് സമ്മേളനത്തില്‍ പങ്കെടുക്കും.

Other News