വൈദികരുടെ പ്രതിഷേധം : സിറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് വെള്ളിയാഴ്ച


JULY 4, 2019, 4:24 PM IST

കൊച്ചി: സീറോ മലബാര്‍ സഭയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വൈദികര്‍ നിലപാട് കടുപ്പിക്കുന്നതിനിടെ അടിയന്തര സിനഡ് നാളെ ചേരും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിമത വൈദികരുടെ പ്രതിഷേധം തന്നെയാകും പ്രധാന ചര്‍ച്ചാവിഷയം. പരസ്യ പ്രതിഷേധം നടത്തിയ വൈദികര്‍ക്കെതിരെ സഭ എന്തുനിലപാട് എടുക്കണം എന്നതാണ് ചര്‍ച്ചയില്‍ വരുക.

റോമിലുള്ള ബിഷപ്പ് മാര്‍ ജേക്കബ് മനത്തോട്ടത്ത് സിനഡില്‍ പങ്കെടുക്കില്ല. എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതാണ് വിമത പക്ഷത്തെ ചൊടിപ്പിച്ചത്. 250 ഓളം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ കര്‍ദിനാള്‍ തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് വരെ അഭിപ്രായം ഉയര്‍ന്നു.

വത്തിക്കാന്റെ തീരുമാനം എതിര്‍ത്ത് യോഗം ചേര്‍ന്ന വൈദികര്‍ക്കെതിരെ നടപടി വേണമെന്നാണ് കര്‍ദിനാള്‍ പക്ഷത്തിന്റെ ആവശ്യം.

350-ലേറെ വൈദികരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് വിമതപക്ഷത്തിന്റെ അവകാശവാദം. സംഭവത്തില്‍ നടപടിയെടുക്കകയാണെങ്കില്‍ തങ്ങളോടൊപ്പമുള്ള മുഴുവന്‍ വൈദികര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ നിലപാട്. 

അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞ മാര്‍ ജേക്കബ് മാനത്തോടത്ത് ഏഴാം തീയതി മാത്രമേ വത്തിക്കാനില്‍ നിന്ന് തിരിച്ചെത്തൂ. അദ്ദേഹം അഞ്ചംഗ സ്ഥിരം സിനഡില്‍ അംഗമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന് നാളത്തെ യോഗത്തില്‍ പങ്കെടുക്കാനാകില്ല. അടുത്തമാസം വിപുലമായ സിനഡ് ചേരാന്‍ തീരുമാനിച്ചിരിക്കവേയാണ് അടിയന്തരമായി നാളെ സിനഡ് വിളിച്ചിരിക്കുന്നത്.

പുറത്താക്കപ്പെട്ട സഹായമെത്രാന്മാര്‍ക്ക് പുതിയ ചുമതല തീരുമാനിക്കേണ്ടത് സിനഡ് യോഗമാണ്.

Other News