മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന  ടി. ശിവദാസമേനോന്‍ അന്തരിച്ചു


JUNE 28, 2022, 1:12 PM IST

പാലക്കാട്:  മുതിര്‍ന്ന സിപിഐ എം  നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 11.30ഓടെയാണ്  അന്ത്യം.  സിപിഐ എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1987ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി  ഗ്രാമവികസന മന്ത്രിയായും 96 ല്‍ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണയും മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.

മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്‍, സി കെ കരുണാകരന്‍. സഹോദരന്‍: പരേതനായ കുമാരമേനോന്‍.ഏറെ നാളായി മഞ്ചേരിയില്‍  മകള്‍ക്കൊപ്പമായിരുന്നു താമസം.

പിയേഴ്സ്ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരന്‍കുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും  രണ്ട് മക്കളിലൊരാളായി 1932ലാണ്  ശിവദാസമേനോന്‍ ജനിച്ചത്. സമ്പന്നകുടുംബത്തില്‍ പിറന്ന അദ്ദേഹത്തെ പഠിപ്പിച്ചു വലിയ പദവിയിലെത്തിക്കാനായിരുന്നു പിതാവ് ശ്രമിച്ചത്. എന്നാല്‍ വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമനചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസമേനോന്‍ ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ കണ്ണിയാവുകയായിരുന്നു.

പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളേജില്‍നിന്ന് ബിഎഡും നേടിയ ശേഷം മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ 1955ല്‍ ഹെഡ് മാസ്റ്ററായി. 1977ല്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ അധ്യാപക ജോലിയില്‍നിന്ന് വളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് പിരിഞ്ഞു. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാര്‍ക്കാട്ടും പരിസരപ്രദേശങ്ങളിലും പാര്‍ടി കെട്ടിപ്പടുക്കാനും അധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാര്‍ടി നിയോഗിച്ചു. അധ്യാപക സംഘടനയായിരുന്ന പിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന ശിവദാസമേനോന്‍ പാര്‍ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഐ എമ്മില്‍ ഉറച്ചുനിന്നു. സിപിഐ എം മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. തുടര്‍ന്ന് പാര്‍ടി ജില്ലാ കമ്മിറ്റിയംഗമായി.  1980ല്‍ ജില്ലാ  സെക്രട്ടറിയുമായി.  കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും  പ്രവര്‍ത്തിച്ചു.

1961ല്‍ മണ്ണാര്‍ക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തം അമ്മാവനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായാണ്  അദ്ദേഹം തെരഞ്ഞെടുപ്പുരംഗത്തെത്തുന്നത്. വാശിയേറിയ മത്സരത്തില്‍ ശിവദാസമേനോന്‍ വിജയിച്ചു. 1977ല്‍ അടിയന്തരാവസ്ഥക്കുശേഷം  നടന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എ സുന്നാസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1980ലും 84ലും ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. 1987ല്‍ മലമ്പുഴ അസംബ്ലിമണ്ഡലത്തില്‍നിന്ന്   നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി.  1991ല്‍ വീണ്ടും മലമ്പുഴയില്‍ ജനവിധി തേടിയപ്പോള്‍ ഭൂരിപക്ഷം വര്‍ധിച്ചു. 96 മുതല്‍ 2001വരെ ധനകാര്യഎക്‌സൈസ് മന്ത്രിയായി. വള്ളുവനാടന്‍ -മാപ്പിള മലയാളവും സംസ്‌കൃതവും സംഗീതവും ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷും കലര്‍ത്തിയുള്ള നര്‍മം തുളുമ്പുന്ന അദ്ദേഹത്തിന്റെ പ്രസംഗം പ്രസിദ്ധമാണ്.

പാര്‍ടി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടേക്ക് താമസംമാറ്റി. പാലക്കാട് തൊറപ്പാളയത്ത് ചെറിയ വീട് വാങ്ങി. ഈ വീടിന് നേരെ ആര്‍എസ്എസുകാര്‍ ആക്രമണം നടത്തിയിട്ടുണ്ട്. മുത്തങ്ങാ സമരത്തില്‍ ആദിവാസികള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പാലക്കാട്  എസ്പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാര്‍ച്ചില്‍ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മര്‍ദിച്ചു. തല തല്ലിപ്പൊളിച്ചു. കാല്‍മുട്ടുകള്‍ക്കും ക്ഷതമേറ്റു.  ശിവദാസമേനോനെ പൊതിഞ്ഞുകിടന്നാണ് സഖാക്കള്‍ മര്‍ദനത്തില്‍ നിന്ന് രക്ഷിച്ചത്. അടിയേറ്റുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പൊലീസ് തയ്യാറായില്ല. കടലവില്‍പ്പനക്കാരന്റെ ഉന്തുവണ്ടിയിലാണ് പാര്‍ടി പ്രവര്‍ത്തകര്‍ അന്ന് ആശുപത്രിയിലെത്തിച്ചത്.

Other News