യൂണിവേഴ്‌സിറ്റി കോളെജില്‍  അധ്യാപകരെ കൂട്ടത്തോടെ സ്ഥലംമാറ്റി


JULY 28, 2019, 2:56 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകരെ കൂട്ടത്തോടെ സ്ഥലംമാറ്റി. 11 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. കത്തിക്കുത്ത് നടക്കുമ്പോള്‍ പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന പ്രൊഫ. കെ. വിശ്വംഭരനെയും സ്ഥലം മാറ്റി.യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിന് പിന്നാലെ ഉത്തരപേപ്പര്‍ ചോര്‍ന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഏറെ വിവാദമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ ശുദ്ധികലശം നടത്തുമെന്ന് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അധ്യാപകര്‍ക്കുള്ള കൂട്ടസ്ഥലംമാറ്റം. രണ്ടര പതിറ്റാണ്ട് മുമ്പ് കേളേജിലെത്തിയ കെ വിശ്വംഭരന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. കോളേജിലെ ജിയോളജി വിഭാഗം മേധാവിയായിരുന്ന വിശ്വംഭരനായിരുന്നു സംഘര്‍ഷസമയത്ത് പ്രിന്‍സിപ്പലിന്റെ ചുമതല. അഖിലിനെ കുത്തിയത് അറിഞ്ഞില്ലെന്ന പ്രിന്‍സിപ്പലിന്റെ പ്രതികരണം വിവാദമായിരുന്നു. ശ്രീകാര്യം കോളജ് ഓഫ് എന്‍ജിനിയറിങ്ങിലേക്കാണ് വിശ്വംഭരനെ മാറ്റിയത്.മലയാളം വിഭാഗത്തില്‍ നിന്ന് മൂന്നു പേരെ സ്ഥലം മാറ്റി. കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്ന് ഉത്തരകടലാസ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നേരത്തേ മൂന്ന് അനധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. ക്യാംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുന്നത് അധ്യാപകരാണെന്ന് പരാതി വ്യാപകമായിരുന്നു.

Other News