പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതിയടക്കം രണ്ട് പേര്‍ പിടിയില്‍


JULY 5, 2019, 10:54 AM IST

അരൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതിയടക്കം രണ്ട് പേര്‍ പിടിയില്‍.

പത്തനംതിട്ട കൊടുമണില്‍ സതീഷ് ഭവനത്തില്‍ ഹരികൃഷ്ണന്‍ (24) എഴുപുന്ന എരമല്ലൂര്‍ പടിഞ്ഞാറെ കണ്ണുകുളങ്ങരയില്‍ ലത (46) എന്നിവരാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്. ചേര്‍ത്തല സ്വദേശിയായ 15 കാരിയെ പെയിന്റിങ് തൊഴിലാളിയായ ഹരികൃഷ്ണന്‍ പരിചയപ്പെടുകയും പിന്നീട് പലപ്രാവശ്യം എരമല്ലൂരില്‍ ലതയുടെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയും ചെയ്തു. പീഡനം മൊബൈല്‍ ക്യാമറയില്‍ എടുത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിക്കുകയായിരുന്നെന്ന് അരൂര്‍ പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസ് അരൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ അന്വേഷണത്തിലാണ് ഇവരെ അരൂര്‍ പൊലീസ് പിടികൂടിയത്. ലതയുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. പോക്സോ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു. പ്രതികളെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു.