മംഗളൂരു ക്വാറന്റീന്‍ സെന്ററില്‍ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു


AUGUST 3, 2021, 8:35 AM IST

മംഗളൂരു:  മംഗളൂരു ക്വാറന്റീന്‍ സെന്ററില്‍ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു. സ്ത്രീകളെ പത്ത് മണിയോടെയും പുരുഷന്മാരെ പുലര്‍ച്ചെയോടെയുമാണ് വിട്ടയച്ചത്.

കേരളത്തില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിന്‍ മാര്‍ഗം മംഗളൂരുവിലെത്തിയ വിദ്യാര്‍ഥിനികളടക്കമുള്ള അറുപതോളം മലയാളികള്‍ ക്വാറന്റീന്‍ സെന്ററില്‍ കുടുങ്ങിയത് തിങ്കളാഴ്ചയാണ്. മംഗളൂരു സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍നിന്ന് സ്രവമെടുത്തശേഷം പരിശോധനാഫലം വരുന്നതുവരെ ടൗണ്‍ ഹാളില്‍ തുടരാനാണ് മംഗളൂരു പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും പരിശോധനാ ഫലം വരാതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. പ്രതിഷേധമുയര്‍ന്നതോടെ സ്ത്രീകളെയും പത്ത് മണിയോടെയും പുരുഷന്മാരെയും പന്ത്രണ്ടു മണിയോടെയും പോകാന്‍ അനുവദിച്ചു.

അതേസമയം, തലപ്പാടി അതിര്‍ത്തിയില്‍ കോവിഡ് പരിശോധനയ്ക്കായി ഇന്നു മുതല്‍ കേരളം സൗകര്യമൊരുക്കും. സ്‌പൈസ് ഹെല്‍ത്തുമായി ചേര്‍ന്ന് ആര്‍.ടി.പി.സി.ആര്‍. മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റാകും ഏര്‍പ്പെടുത്തുക.

തലപ്പാടിയില്‍ കര്‍ണാടക ഒരുക്കിയിരിക്കുന്ന കോവിഡ് പരിശോധന കേന്ദ്രം ഇന്നലെ അടച്ചുപൂട്ടിയിരുന്നു. ഇതോടെയാണ് പരിശോധന കേന്ദ്രം ആരംഭിക്കാന്‍ തീരുമാനമെടുത്തതെന്ന് കാസര്‍ഗോഡ് കളക്ടര്‍ അറിയിച്ചു.

അതിനിടെ കര്‍ണാടക ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇന്നും പ്രതിഷേധം തുടരും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും.

രണ്ട് ദിവസം മുന്‍പാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസി ആര്‍ പരിശോധന ഫലം കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവര്‍ക്കും നിബന്ധന ബാധകമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഈ പശ്ചാത്തലത്തിലാണ് തലപ്പാടിയില്‍ പരിശോധന ആരംഭിച്ചത്. തലപ്പാടിയിലും വാളയാറിലും കര്‍ണാടക പൊലീസിന്റെ പരിശേധന ശക്തമാണ്. കര്‍ണാടകത്തിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമേ ഉണ്ടാകൂ. തലപ്പാടി അതിര്‍ത്തിയില്‍ നിന്ന് നഗരത്തിലേക്ക് കര്‍ണാടക ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Other News