കവി മുരുകന്‍ കാട്ടാക്കടയ്ക്ക് ഫോണിലൂടെ വധ ഭീഷണി


APRIL 8, 2021, 9:34 AM IST

തിരുവനന്തപുരം: കവി മുരുകന്‍ കാട്ടാക്കടയ്ക്ക് വധ ഭീഷണിയെന്ന് പരാതി. ബുധനാഴ്ച രാത്രി ഫോണിലൂടെയാണ് കവിക്ക് വധ ഭീഷണി ഉണ്ടായതെന്ന് എഴുത്തുകാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍ ഫേസ് ബുക്ക് കുറിപ്പില്‍ വെളിപ്പെടുത്തി. മുരുകന്‍ കാട്ടാക്കട ചോപ്പ് എന്ന സിനിമയ്ക്കുവേണ്ടി എഴുതിയ  'മനുഷ്യനാകണം, മനുഷ്യനാകണം; ഉയര്‍ച്ചതാഴ്ചകള്‍ക്കതീതമായ സ്‌നേഹമേ, നിനക്ക് ഞങ്ങള്‍ പേരിടുന്നതാണ് മാര്‍ക്‌സിസം' എന്നു തുടങ്ങുന്ന ആ ഗാനം നിയമസഭാതെരഞ്ഞെടുപ്പു പ്രവര്‍ത്തനരംഗത്തും വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഈ ഗാനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മുരുകനെ അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കും എന്ന്‌  പേരു വെളിപ്പെടുത്താത്ത ഒരാള്‍ ഭീഷണിപ്പെടുത്തിയത്. സംഭവം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അശോകന്‍ ചരുവിലിന്റെ ഫേസ് ബുക്ക് കുറിപ്പ്

കവി മുരുകന്‍ കാട്ടാക്കടക്ക് ഫോണിലൂടെ വധഭീഷണി;ശക്തമായി പ്രതിഷേധിക്കുന്നു.

ജനകീയകവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് നേരെ ഇന്നലെ രാത്രി ഫോണിലൂടെ ഉണ്ടായ വധഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. മുരുകനെ അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കും എന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു വര്‍ഗ്ഗീയ ഭീകര രാഷ്ട്രീയക്കാരന്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

'ചോപ്പ്' എന്ന സിനിമക്കു വേണ്ടി മുരുകന്‍ ഈയിടെ എഴുതി ആലപിച്ച 'മനുഷ്യനാകണം' എന്ന ഗാനം വലിയ തോതില്‍ ജനഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു. 'മനുഷ്യനാകണം, മനുഷ്യനാകണം; ഉയര്‍ച്ചതാഴ്ചകള്‍ക്കതീതമായ സ്‌നേഹമേ, നിനക്ക് ഞങ്ങള്‍ പേരിടുന്നതാണ് മാര്‍ക്‌സിസം' എന്നു തുടങ്ങുന്ന ആ ഗാനം നിയമസഭാതെരഞ്ഞെടുപ്പു പ്രവര്‍ത്തനരംഗത്തും വ്യപകമായി ഉപയോഗിക്കപ്പെട്ടു. നിരവധി ദൃശ്യാവിഷ്‌ക്കാരങ്ങള്‍ ആ ഗാനത്തിനുണ്ടായി. ആ ഗാനത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഫോണ്‍ സംഭാഷണത്തിന്റെ തുടക്കം. പിന്നീടത് പൂരത്തെറിയും വധഭീഷണിയുമായി മാറി.കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും കൊന്നു തള്ളുവാനും കുറേ പേരെ ജയിലിലടക്കാനും ഇന്ത്യയിലെ മതരാഷ്ട്രവാദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്നാണ് മതതീവ്രവാദികള്‍ കരുതുന്നത്. അത് നടക്കാത്ത കാര്യമാണെന്ന് അവരെ ഓര്‍മ്മിപ്പിക്കുന്നു. കേരളത്തിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ എഴുത്തുകാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ജനവികാരവുമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഭീഷണിയുമായി വന്നവര്‍ക്ക് ഒറ്റപ്പെട്ട് പകച്ചു പിന്‍മാറേണ്ടിവന്നു. ഇത് കേരളമാണ് എന്ന് ഓര്‍ക്കാതെയാണ് ചിലര്‍ ഇപ്പോഴും ഭീഷണികള്‍ പുറത്തെടുക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട ശബ്ദമായ മുരുകനൊപ്പം സാംസ്‌കാരിക കേരളം ഒന്നിച്ചു നില്‍ക്കുന്നു. കവിക്കെതിരെ ഉയര്‍ന്ന കൊലവിളിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണം.

അശോകന്‍ ചരുവില്‍