മന്ത്രി 10 മിനിറ്റ് ഗതാഗതക്കുരുക്കില്‍; മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


AUGUST 17, 2019, 2:43 AM IST

കൊല്ലം: മന്ത്രിയും  എസ് പിയും പത്തുമിനിറ്റോളം ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന്  മൂന്നു  പൊലീസുകാരെ സസ്പെന്‍ഡ് ചെയ്‌തു.മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും എസ് പി ഹരിശങ്കറിന്റെയും വാഹനങ്ങള്‍ക്ക് വഴിയൊരുക്കാത്തതിനാണ് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

മന്ത്രിയും എസ് പിയും കൊല്ലം മയ്യത്തുംകരയിലെ കല്യാണ ഓഡിറ്റോറിയത്തിനു മുന്നിലാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു എസ് പി ആര്‍ ഹരിശങ്കർ. 

ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ ഹരിലാല്‍, സി പി ഒ രാജേഷ്, റൂറല്‍ പൊലീസ് സ്പെഷല്‍ ബ്രാഞ്ചിലെ എ എസ്‌ ഐ നുക്യദീന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്‌തത്. വി ഐ പി വാഹനങ്ങള്‍ കടത്തി വിടുന്നതില്‍ വീഴ്‌ച  വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

Other News