ചെക്ക് കേസിലെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല ; തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ നീക്കം തുടങ്ങി


AUGUST 27, 2019, 2:55 PM IST

അജ്മാന്‍ : പ്രവാസി മലയാളിക്കു കൊടുത്ത വണ്ടിച്ചെക്കു കേസില്‍ യുഎഇ-യില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ നീക്കം തുടങ്ങി.

കേസ്  ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കാണാത്തിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങാന്‍ തുഷാര്‍ വെള്ളാപ്പള്ളി ബദല്‍ നീക്കം നടത്തുന്നത്. സുഹൃത്തായ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് സ്വന്തം പാസ്‌പോര്‍ട്ട് തിരിച്ചെടുക്കാനാണ് തുഷാറിന്റെ ശ്രമം.

രണ്ട് കോടി രൂപയും സ്വന്തം പാസ്‌പോര്‍ട്ടും അജ്മാന്‍ കോടതിയില്‍ കെട്ടിവെച്ചാണ്  ചെക്ക് കേസില്‍ തുഷാര്‍ ജാമ്യം നേടിയിരുന്നത്. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തുഷാര്‍ കോടതിയില്‍ അപേക്ഷ നല്‍കും.

മാത്രമല്ല 20 കോടി രൂപയ്ക്ക് തുല്യമായ പണം കോടതിയില്‍ കെട്ടിവെക്കേണ്ടതുണ്ട്. ഇത് വ്യവസായിയായ എം എ യൂസഫലി തുഷാറിന് നല്‍കും. കേസിന്റെ നടത്തിപ്പിനായി യുഎഇ പൗരനായ സുഹൃത്തിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കും. അതുകൊണ്ടുതന്നെ വിചാരണാ വേളയില്‍ തുഷാര്‍ കോടതിയില്‍ ഹാജരാകേണ്ടിവരില്ല. എന്നാല്‍ ശിക്ഷ വിധിച്ചാല്‍ അത് തുഷാര്‍ അനുഭവിക്കേണ്ടിവരും. കോടതിയിലെ നടപടികള്‍ തുടരുമ്പോള്‍ തന്നെ പുറത്ത് ഒത്തുതീര്‍പ്പ് നീക്കവും തുഷാര്‍ നടത്തുന്നുണ്ട്. കേസ് പിന്‍വലിക്കാന്‍ തുഷാര്‍ വാഗ്ദാനം ചെയ്ത തുക കുറഞ്ഞുപോയി എന്നാണ് പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ നിലപാട്.

നാസില്‍ കൂടുതല്‍ പണം ചോദിക്കുന്നു എന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അജ്മാന്‍ പൊലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ അറസ്റ്റു ചെയ്തത്.