പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തു


AUGUST 30, 2019, 2:07 PM IST

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ അറസ്റ്റു ചെയ്തു.

സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകുന്നത്. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ടെൻഡർ നടപടിക്രമങ്ങളിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ നിർമാണക്കമ്പനിയായ ആർ ഡി എസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയലിനെയും  മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയൽ. സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പണം കൈമാറിയോ എന്നതിനെ കുറിച്ച്  വിജിലൻസ് അന്വേഷിച്ചിരുന്നു.

ആർഡിഎസിന്റെയും സുമിത് ഗോയലിന്റെയും മുഴുവൻ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തുത്തിരുന്നു. കോഴ കൈപറ്റിയതായി വിജിലൻസ് സംശയിക്കുന്ന മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലൻസിന്റെ പക്കലുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്‌സ് ആന്റ് ബ്രി!*!ഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന് പാലത്തിന്റെ നിർമ്മാണ ചുമതല നൽകിയത്.

അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളാണ് വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിനോട് ചോദിച്ചറിഞ്ഞത്. സുമിത് ഗോയൽ ഉൾപ്പെടെ 17 പേരെ പ്രതികളാക്കി നേരത്തെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Other News