കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്


AUGUST 11, 2019, 5:25 PM IST

തിരുവനന്തപുരം: മഴ ശമിച്ചുവെങ്കിലും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.

11 -08-2019 മുതല്‍ 12-08-2019 വരെ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്.ഈ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കേരള തീരത്ത ഉയര്‍ന്ന തിരമാലകള്‍ അടിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരപ്രദേശത്ത് 3.5 മീറ്റര്‍ മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ (കചഇഛകട) മുന്നറിയിപ്പ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്.

ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എഴുപതായി ഉയര്‍ന്നിട്ടുണ്ട്. ഭൂദാനത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണ സംഖ്യ 70 ആയത്. ഭൂദാനത്ത് മാത്രം 12 പേര്‍ മരിച്ചു. വയനാട് മേപ്പാടിയില്‍ 11 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്.

Other News