പാലരിവട്ടം പാലം അഴിമതി: ടി.ഒ സൂരജ് അടക്കം നാല് പ്രതികളെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു


SEPTEMBER 2, 2019, 2:47 PM IST

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള നാലു പ്രതികളെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം അഞ്ച് വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. മുവാറ്റുപഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി.

വെള്ളിയാഴ്ചയാണ് സൂരജ് ഉള്‍പ്പെടെയുള്ളവരെ വിജിലന്‍സ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സുമീത് ഗോയല്‍, രണ്ടാം പ്രതി എം.ടി.തങ്കച്ചന്‍, മൂന്നാം പ്രതി ബെന്നി പോള്‍, നാലാം പ്രതി ടി.ഒ.സൂരജ് എന്നിവരുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയുമാണ് ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിച്ചത്.

പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ബന്ധുക്കളുടെയും മറ്റും പേരില്‍ സമ്പാദിച്ചിട്ടുള്ള സ്വത്തു വിവരങ്ങളും ഇവര്‍ നല്‍കിയിട്ടുള്ള മൊഴികളിലെ വൈരുധ്യവും വെളിപ്പെടുന്നതിനു 4 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

പാലം നിര്‍മാണത്തിന് മുന്‍കൂറായി ലഭിച്ച 8.25 കോടി രൂപ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ കരാറുകാരന്‍ ഉപയോഗപ്പെടുത്തിയതിനാല്‍ പാലം നിര്‍മാണത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്തെന്നും ഇതാണ് തകര്‍ച്ചയ്ക്കു കാരണമായതെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പാലം നിര്‍മാണത്തിനുള്ള കരാര്‍ സുമിത് ഗോയലിന്റെ കമ്പനിക്കു നല്‍കിയതിലും 8.25 കോടി രൂപ മുന്‍കൂറായി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തിയതിലും വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന കണ്ടെത്തലില്‍ ഊന്നിയുള്ള അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നത്.

Other News