ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിച്ചു; പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ ഐ എ കുറ്റപത്രം 


MARCH 17, 2023, 10:58 PM IST

കൊച്ചി: ജനങ്ങള്‍ക്കിടയില്‍ സാമുദായിക അസ്വാരസ്യം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്നും ജനാധിപത്യത്തെ തകര്‍ക്കാനും ഇസ്‌ലാമിക ഭരണം കൊണ്ടുവരാനും ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ എന്‍ ഐ എ കോടതിയിലാണ് സമര്‍പ്പിച്ചത്. 

കേസില്‍ ആകെ 59 പ്രതികളാണുള്ളത്. ഇതര മതസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ ആയുധ പരിശീലനം നടത്താനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. 2047ഓടെ ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനായി പണം സ്വരൂപിച്ചതായും എന്‍ ഐ എ പറയുന്നു.

ഭീകരസംഘടനയായ ഐസിസിന്റെ പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. തങ്ങളുടെ നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവരെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നിരോധിത സംഘടനയായ ഐസിസിനെ പിന്തുണച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് കരമന അഷ്‌റഫ് മൗലവിയാണ് കേസിലെ ഒന്നാം പ്രതി. നിരോധിത പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം, മൂന്നാം നിര നേതാക്കളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Other News