തിരുവനന്തപുരത്ത് അച്ഛനും മകനും കുത്തേറ്റുമരിച്ചു; മകളുടെ ഭര്‍ത്താവ് പിടിയില്‍


OCTOBER 13, 2021, 7:11 AM IST

തിരുവനന്തപുരത്ത്:  സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ അച്ഛനെയും സഹോദരനെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. പൂജപ്പുര മുടവന്‍മുകളില്‍ ചൊവ്വാഴ്ച രാത്രി 9.30നാണ് സംഭവം. മുടവന്‍മുകളില്‍ താമസിക്കുന്ന സുനില്‍ മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്.  

മദ്യലഹരിയിലായിരുന്ന മരുമകന്‍ അരുണാണ് ഇരുവരെയും ആക്രമിച്ചത്. വര്‍ഷങ്ങളായുള്ള കുടുംബവഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ചെത്തിയ അരുണ്‍ ഓട്ടോഡ്രൈവറായ ഭാര്യപിതാവിനോട് തട്ടിക്കയറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതുകണ്ടെത്തിയ അഖില്‍ ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടെയാണ് കത്തിക്കുത്ത് ഉണ്ടായത്.  

ഭാര്യപിതാവിന്റെ കഴുത്തിലും മകനായ അനിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഇതിന് ശേഷം പ്രതി വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം മോര്‍ച്ചറിയികേലേക്ക് മാറ്റി. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇന്നലെ വൈകിട്ട് അരുണ്‍ വീട്ടിലെത്തി ഭാര്യയെ വിളിച്ചെങ്കിലും അവര്‍ പോകാന്‍ തയാറായില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിലും തുടര്‍ന്ന് കത്തിക്കുത്തിലും കലാശിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആക്രമത്തിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ അരുണിനെ പൂജപ്പുരയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു.  

Other News