തടസങ്ങള്‍ നീക്കി തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു


OCTOBER 14, 2021, 7:23 AM IST

തിരുവനന്തപുരം: പ്രതിഷേധങ്ങളും പ്രതിസന്ധികളും മറികടന്ന് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ബുധനാഴ്ച അര്‍ധ രാത്രിയോടെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി. രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മധുസൂദന റാവു ഔദ്യോഗികമായി ചുമതലയേറ്റെടുത്തു.എയര്‍പോര്‍ട്ട് സംബന്ധിച്ച രേഖകളും കൈമാറി.

നിലവില്‍ 635 ഏക്കറിലാണ് വിമാനത്താവളം. റണ്‍വേ വികസനത്തിനായി 18 ഏക്കര്‍ സ്ഥലം വാങ്ങുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. സര്‍ക്കാരിന്റെ സഹകരണം വിമാനത്താവള വികസനത്തിന് നിര്‍ണായകമാകും.

എയര്‍ലൈന്‍ കമ്പനികളുമായി നേരിട്ട് വിലപേശല്‍ നടത്താനും ഓഫറുകള്‍ നല്‍കാനുമാകും അദാനിയുടെ ആദ്യശ്രമം. കൊച്ചിയിലേക്ക് ചേക്കേറിയ പല കമ്പനികളേയും തിരികെ കൊണ്ടുവരാനുള്ള നീക്കം ശക്തമാക്കും. ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനോപ്പം യു.കെയിലേക്കും അമേരിക്കയിലേക്കും സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.

വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ സാധ്യതകള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശ്വാസം. ഡ്യൂട്ടി ഫ്രീ ഷോപ്പ് വലുതായി നിര്‍മ്മിക്കാനാണ് ആലോചന. ഷോപ്പിംഗ് കേന്ദ്രങ്ങളും രാജ്യാന്തര ബ്രാന്‍ഡുകളുടെ ഷോപ്പുകളും തുറക്കും. സേവന കേന്ദ്രങ്ങളും ആരംഭിക്കും. ആഭ്യന്തര ടെര്‍മിനലിലും മദ്യം ലഭിക്കുന്നതിനുള്ള സൗകര്യം വന്നേക്കും. അദാനി ഗ്രൂപ്പിന്റെ മറ്റ് വിമാനത്താവളങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുമുണ്ടാകും.

കൂടുതല്‍ കമ്പനികളെത്തുന്നതോടെ സര്‍വീസ് രംഗത്ത് മത്സരമുണ്ടാകും. ഇതോടെ നിരക്ക് കുറയുകയും സൗകര്യങ്ങള്‍ കൂടുകയും ചെയ്യുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. ഐ.ടി, ലൈഫ് സയന്‍സ് പാര്‍ക്കുകളില്‍ നിക്ഷേപകരെത്തുന്ന സാഹചര്യത്തില്‍ രാജ്യാന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവാണ് തിരുവനന്തപുരത്തുണ്ടായത്. തെക്കന്‍ കേരളത്തിലെയും കന്യാകുമാരി ജില്ലയിലെയും യാത്രക്കാരാണ് വിമാനത്താവളം കൂടുതലായി ഉപയോഗിക്കുന്നത്. തെക്കന്‍ കേരളത്തില്‍ പത്തനംതിട്ടയിലും കോട്ടത്തുമാണ് വിദേശ യാത്രക്കാര്‍ കൂടുതല്‍. ഇവരില്‍ മിക്കവരും ഇപ്പോള്‍ നെടുമ്പാശേരിയെയാണ് ആശ്രയിക്കുന്നത്.

Other News