കനത്ത പോലീസ് കാവലില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് തുറന്നു


JULY 22, 2019, 12:15 PM IST

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പത്തുദിവസമായി അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കനത്ത പോലീസ് കാവലില്‍ വീണ്ടും തുറന്നു.

തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ളവ പരിശോധിച്ച ശേഷമാണ് കുട്ടികളെ കടത്തിവിടുന്നത്.

അതിനിടയില്‍ യൂണിവേഴ്സിറ്റി കോളജിന്റെ പുതിയ പ്രിന്‍സിപ്പാളായി ഡോ. സി സി ബാബു ഇന്ന് ചുമതലയേല്‍ക്കും. കെ എസ് യു  പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച ഉപവാസ സമരം തുടരുകയാണ്.

കെ എസ് യു  പ്രതിഷേധം കണക്കിലെടുത്താണ് കോളെജ്  പരിസരത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ ചേര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തിയ കേസിനു പിന്നാലെ  ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന ഉത്തരകടലാസുകള്‍ കണ്ടെത്തിയതും വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

ഇതെ തുടര്‍ന്ന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ട് കുഴപ്പക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. പുതുതായി രൂപീകരിച്ച കമ്മിറ്റിയില്‍ കുത്തേറ്റ അഖിലിനെ ഉള്‍പ്പെടുത്തുകയും ചെയ്തു.

യൂണിവേഴ്സിറ്റി കോളേജിലെ അനിഷ്ട സംഭവങ്ങളില്‍ ഗവര്‍ണര്‍ ഇടപെട്ട്  വൈസ് ചാന്‍സിലറോട് വിശദീകരണം തേടിയിരുന്നു. കോളെജില്‍ സമാധാന അന്തരീക്ഷം പുനലസ്ഥാപിക്കണമെന്ന് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.