നെടുങ്കണ്ടം ഉരുട്ടിക്കൊല: അറസ്റ്റിലായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി


JULY 4, 2019, 10:18 AM IST

ഇടുക്കി: ലോക് സഭാതതെരഞ്ഞെടുപ്പില്‍ കനത്ത ആഘാതമേറ്റ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് കൂടുതല്‍ പ്രഹരമേല്‍പ്പിച്ച നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി മുഖം രക്ഷിക്കാന്‍ നടപടി. സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത രാജ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ നെടുങ്കണ്ടം എസ്‌ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് പ്രത്യേക ക്രൈം ബ്രാഞ്ച് സംഘംബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

തെളിവ് നശിപ്പിക്കല്‍, അനധികൃതമായി തടവില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായ പോലീസുകാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലകുറ്റത്തിനും കസ്റ്റഡി മര്‍ദനത്തിനും പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഇരുവര്‍ക്കുമെതിരെ ഐപിസി 302 ചുമത്തി. അറസ്റ്റിലായ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ക്രൈം ബ്രാഞ്ചിനു മുന്നില്‍ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.

വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടന്നേക്കും. അറസ്റ്റിലായ സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണിയെ വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അറസ്റ്റിനെ തുടര്‍ന്ന് കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാബു ഒമ്പത് മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കും. ഇതിനിടെ രാജ്കുമാറിനെ എസ് ഐയുടെ മുറിയില്‍ ഇട്ടാണ് ആദ്യം മര്‍ദിച്ചതെന്ന് രാജ്കുമാറിന്റെ ഡ്രൈവര്‍ അജിമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.