ഉത്രയുടെ കാണാതായ കുഞ്ഞിനെ പോലീസ് സൂരജിന്റെ വീട്ടില്‍  കണ്ടെത്തി; മകനെ കള്ളക്കേസില്‍ കുടുക്കിയതെന്ന് ആവര്‍ത്തിച്ച് അമ്മ


MAY 26, 2020, 10:55 AM IST

കൊല്ലം:  അഞ്ചിലില്‍ വിഷ പാമ്പിനെ ഉപയോഗിച്ച് ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയ ഉത്രയുടെ കാണാതായ കുഞ്ഞിനെ സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കുഞ്ഞിനെയും സൂരജിന്റെ അമ്മ രേണുകയെയും തിങ്കളാഴ്ച മുതല്‍ കാണാനില്ലെന്ന് ഉത്രയുടെ വീട്ടുകാര്‍ക്കും പോലീസിനും വിവരം ലഭിച്ചിരുന്നു.കഴിഞ്ഞ ദിവസം കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നതും ഇന്ന് രാവിലെ ഇരുവരെയും സൂരജിന്റെ വീട്ടില്‍ കണ്ടെത്തിയതും. കുഞ്ഞിനെ വെല്‍ഫെയര്‍ കമ്മറ്റിയുടെ തീരുമാന പ്രകാരം ഉത്രയുടെ വീട്ടുകാര്‍ക്ക് നല്‍കും.  

അതിനിടയില്‍ സൂരജിനെ ലക്ഷങ്ങള്‍ മുടക്കി കള്ളക്കേസില്‍ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞിരുന്നു എന്ന് സൂരജിന്റെ അമ്മ രേണുക മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ ഉള്‍പ്പെടെ ലഭിച്ച സ്ത്രീധനം തങ്ങള്‍ തിരികെ നല്‍കിയിരുന്നു എന്നും സഞ്ചയനത്തിന്റെ അന്ന് പരസ്യമായി വിജയസേനന്‍ ഭീഷണി മുഴക്കിയിരുന്നു എന്നും സൂരജിന്റെ അമ്മ ആരോപിച്ചു. മകന്‍ നിരപരാധിയാണെന്നും പൊലീസ് കൊണ്ടുപൊയ്‌ക്കോട്ടെ എന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'സഞ്ചയനത്തിന്റെ അന്ന് അവര്‍ നല്‍കിയതെല്ലാം തിരികെ നല്‍കി. കാറുള്‍പ്പെടെയുള്ളവ അവര്‍ക്ക് കൊടുത്തു. അന്ന് അവരുടെ അച്ഛന്‍ പറഞ്ഞത്, ലക്ഷങ്ങള്‍ മുടക്കി സൂരജിനെ കുടുക്കുമെന്നാണ്. അങ്ങനെ എനിക്ക് വയ്യാതായി ഞാന്‍ അഞ്ചലില്‍ ആശുപത്രിയിലായിരുന്നു. പിറ്റേന്ന് മൂന്നു മണിക്കാണ് ഞാന്‍ അവിടെ നിന്ന് ഡിസ്ചാര്‍ജ് ആയത്. അവന്‍ എങ്ങനെയുള്ള ചെറുപ്പക്കാരനാണെന്ന് ഈ നാട്ടുകാരോട് ചോദിച്ചാല്‍ അറിയാം. സൂരജിനെ കള്ളക്കേസില്‍ കുടുക്കുമെന്ന് അന്നേ അച്ഛന്‍ പറഞ്ഞതാണ്. എനിക്കിനി അവനെയും വേണ്ട. കൊണ്ടുപോയി ആരാണെന്ന് വെച്ചാല്‍ കൊന്നുതിന്നട്ടെ. അവനേം വേണ്ട, അവന്റെ കുഞ്ഞിനേം വേണ്ട. ഇത്രയും നാള്‍ കുഞ്ഞിനെ എന്റെ കൂടെ കിടത്തി ഞാന്‍ ഉറക്കി. ഇനി എനിക്ക് അതിനെയും വേണ്ട.'- രേണുക പ്രതികരിച്ചു.

ഇവര്‍ സംസാരിക്കുന്ന സമയത്തൊക്കെ അപ്പുറത്തെ മുറിയില്‍ നിന്ന് ഉത്രയുടെയും സൂരജിന്റെയും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാമായിരുനു എന്നാല്‍ കുഞ്ഞിനെ എടുക്കാന്‍ അവര്‍ തയ്യാറായില്ല.

അതേ സമയം ഉത്തരയുടെ കൊലപാതകത്തിലും ഗൂഢാലോചനയിലും കൂടുതല്‍ പേരുടെ പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്തേക്കും എന്ന സൂചനയും ഉണ്ട്. ഉത്തരയെ കടിച്ച പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും..

Other News