ഉത്രവധക്കേസില്‍ ശിക്ഷിക്കപ്പെട്ട സൂരജിനെ വ്യാഴാഴ്ച തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും


OCTOBER 14, 2021, 10:36 AM IST

തിരുവനന്തപുരം: ഉത്രവധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് സൂരജിനെ വ്യാഴാഴ്ച തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. നിലവില്‍ കൊല്ലം ജില്ല ജയിലില്‍ വിചാരണ തടവുകാരനായാണ് സൂരജ് കഴിയുന്നത്. കേസില്‍ ബുധനാഴ്ച ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്.

അതേസമയം ശിക്ഷയില്‍ ഇളവുതേടി സൂരജ് ഹൈക്കോടതിയെ സമീപിക്കും. സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷ മതിയായതല്ലെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധിക തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി നിരീക്ഷിച്ചെങ്കിലും സൂരജിന്റെ പ്രായം പരിഗണിച്ച് കോടതി പരമാവധി ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം. മനോജാണ് വിധി പ്രസ്താവിച്ചത്. അതേസമയം തന്റെ മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും വധശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു.

Other News