മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് മൊഴി നല്‍കി


AUGUST 3, 2019, 5:09 PM IST

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി. 100 മീറ്റര്‍ അപ്പുറത്തേയ്ക്കാണ് ബഷീറിന്റെ ബൈക്ക് തെറിച്ചുവീണിരിക്കുന്നത്. കാറിന്റെ അമിതവേഗതയെയാണ് ഇത് കുറിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെയും വഫയുടെ പേരിലുള്ള കെ എല്‍ 1ബിഎം 360 എന്ന കാറിന് മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്.

ഇതിനിടെ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് സംഭവസ്ഥലത്തെത്തി പരിശോന നടത്തി. കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയുണ്ടാകും. ഗതാഗത സെക്രട്ടറി നിയമപരമായ നടപടികള്‍ സ്വീകരിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. നിയമം പാലിക്കാന്‍ ബാധ്യസ്ഥരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് എന്നും ശശീന്ദ്രന്‍ ആരോപിച്ചു. മ്യൂസിയം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്ക് ആദ്യം ശ്രീറാമിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് ശ്രീറാമിനെ ചോദ്യം ചെയ്തതിന് ദൃക്‌സാക്ഷികളുണ്ട്. പുരുഷനാണ് വാഹനമോടിച്ചിരുന്നത് എന്ന് ദൃക്‌സാക്ഷികള്‍ നേരത്തെ പറഞ്ഞിരുന്നു.

Other News