സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി; മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് സിസ്റ്റര്‍


OCTOBER 16, 2019, 4:40 PM IST

കൊച്ചി: ശബയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ  സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് വത്തിക്കാന്റെ മറുപടി കത്തില്‍ പറയുന്നു. കത്ത് മഠം അധികൃതര്‍ ഒപ്പിട്ട് വാങ്ങി.

എന്നാല്‍ മഠത്തില്‍നിന്ന് ഇറങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലൂസി കളപ്പുര. മഠത്തില്‍നിന്ന് ഒരു കാരണവശാലും ഇറങ്ങില്ല. ഒരു ഫോണ്‍ കോളിലൂടെ പോലും തനിക്ക് പറയാനുള്ളത് സഭ കേട്ടില്ല. പൗരസ്ത്യ തിരുസഭയ്ക്ക് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ പോകുമെന്നും ലൂസി കളപ്പുര അറിയിച്ചു.

മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമര പരിപാടികളില്‍ പങ്കെടുത്തതും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു. സഭയില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതും നടപടിക്ക് കാരണമായി. സഭയില്‍നിന്നും അധികാരികളില്‍നിന്നും ലഭിച്ച മുന്നറിയിപ്പുകള്‍ ലൂസി കളപ്പുര പാലിച്ചില്ലെന്നും ആരോപണമുണ്ട്.

Other News