മദ്ദള വിദ്വാന്‍ മാവേലിക്കര വാരണാസി ഇല്ലത്ത് കലാരത്‌നം വാരണാസി വിഷ്ണു നമ്പൂതിരി നിര്യാതനായി


JANUARY 28, 2020, 12:26 PM IST

മാവേലിക്കര: പ്രശസ്ത മദ്ദള വിദ്വാന്‍ മാവേലിക്കര വാരണാസി ഇല്ലത്ത് കലാരത്‌നം വാരണാസി വിഷ്ണു നമ്പൂതിരി നിര്യാതനായി. 83 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം.

1937 ജനുവരി 20ന് നാരായണന്‍ നമ്പൂതിരിയുടെയും ദ്രൗപതി അന്തര്‍ജനത്തിന്റെയും മകനായി മാവേലിക്കര വാരണാസി ഇല്ലത്ത് ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കഥകളി മദ്ദളവാദനം അഭ്യസിച്ചു തുടങ്ങി. കരുവാറ്റ കുമാരപ്പണിക്കര്‍, വെന്നിമല രാമ വാര്യര്‍ എന്നിവര്‍ ആദ്യ ഗുരുക്കന്‍മാരായി. 1952 ല്‍ മാവേലിക്കര മണ്ണൂര്‍ മഠം കൊട്ടാരം ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. തുടര്‍ന്ന് കേരളകലാമണ്ഡലം ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി.

ജ്യേഷ്ഠ സഹോദരന്‍ കലാരത്‌നം വാരണാസി മാധവന്‍ നമ്പൂതിരി പ്രശസ്ത ചെണ്ട വിദ്വാന്‍ ആയിരുന്നു. കഥകളിലോകത്ത് 'വാരണാസി സഹോദരന്‍മാര്‍' എന്ന് ഇരുവരും അറിയപ്പെട്ടു. കഥകളി ആചാര്യന്‍മാരായ ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള, ഗുരു കുഞ്ചുക്കുറുപ്പ്, പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍ ചമ്പക്കുളം പാച്ചുപിള്ള, ഇറവങ്കര ഉണ്ണിത്താന്‍ സഹോദരന്മാര്‍ തകഴി കുട്ടന്‍പിള്ള എന്നീ പ്രഗദ്ഭര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

1972 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 'കലാരത്‌നം' എന്ന ബഹുമതി നല്‍കിയതോടെ അദ്ദേഹത്തിന് വാരണാസി വിഷ്ണു നമ്പൂതിരി എന്ന പേരു ലഭിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക അവാര്‍ഡ്, കലാമണ്ഡലം പത്മശ്രീ കൃഷ്ണന്‍ നായര്‍ സ്മാരക അവാര്‍ഡ്, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ സ്മാരക അവാര്‍ഡ്, കലാമണ്ഡലം ഹൈദരാലി സ്മാരക അവാര്‍ഡ്, കേരള കലാമണ്ഡലം വാദ്യ അവാര്‍ഡ്, മാവേലിക്കര കഥകളി ആസ്വാദക സംഘ വീരശൃംഖല അവാര്‍ഡ്, തകഴി മാധവ കുറുപ്പ് സ്മാരക കഥകളി അവാര്‍ഡ്, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി പുരസ്‌കാരം, കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ സ്മാരക കലാസാഗര്‍ അവാര്‍ഡ്, കണ്ണൂര്‍ നീലകണ്ഠര് സ്മാരക കഥകളി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേരള കലാമണ്ഡലത്തിലും കേരള സംഗീത നാടക അക്കാദമിയിലും ഭരണസമിതി അംഗമായിരുന്നിട്ടുണ്ട്. മാേേവലിക്കര മണ്ണൂര്‍ മഠം ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഭാര്യ: പരേതയായ സരസ്വതി അന്തര്‍ജനം. മക്കള്‍: രാധാദേവി, വിഷ്ണുനാരായണന്‍ നമ്പൂതിരി (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍). മരുമക്കള്‍: വി. ഇശ്വരന്‍ നമ്പൂതിരി, രാധാദേവി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 5ന്.

Other News