കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു


FEBRUARY 25, 2021, 2:58 PM IST

തിരുവനന്തപുരം: കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു.  പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ തലമുതിര്‍ന്ന പ്രതിനിധിയായാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി പരിഗണിക്കപ്പെടുന്നത്. 


പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം (2010), വള്ളത്തോള്‍ പുരസ്‌കാരം - (2010), ഓടക്കുഴല്‍ അവാര്‍ഡ് - (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.     


ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജെയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, ഭൂമിഗീതങ്ങള്‍, പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. 'അസാഹിതീയം', 'കവിതകളുടെ ഡിഎന്‍എ' എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്.


1939 ജൂണ്‍ 2ന് തിരുവല്ലയില്‍ ഇരിങ്ങോലിലായിരുന്നു ജനനം. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തര്‍ജനം. സാമ്പ്രദായിക രീതിയില്‍ മുത്തച്ഛനില്‍ നിന്ന് സംസ്‌കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്‌കൂള്‍, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്‌കൂളില്‍ കുറച്ചുകാലം കണക്ക് അധ്യാപകനായിരുന്നു. എംഎയ്ക്ക്‌ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായി. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി.


തിരുവനന്തപുരത്ത് തൈക്കാട്ടെ സ്വവസതിയായ ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പൂര്‍ണ മറവി രോഗം ബാധിച്ചതിനാല്‍ ഒരു വര്‍ഷമായി വിശ്രമത്തിലായിരുന്നു. ഭാര്യ: സാവിത്രി, മക്കള്‍: അദിതി, അപര്‍ണ.