കരയുന്ന കുട്ടിക്കുമാത്രം പാല് കൊടുക്കാനുള്ളതല്ല വിപ്ലവപ്രസ്ഥാനം : അഗ്രഹാര പരാമര്‍ശങ്ങളിൽ  വിഎസ് 


JULY 28, 2019, 2:47 AM IST

തിരുവനന്തപുരം: സംവരണത്തിനെതിരെയും ജാതിമേധാവിത്വത്തെ അനുകൂലിച്ചും സംസാരിച്ച ഹൈക്കോടതി ജസ്റ്റിസ് ചിദംബരേഷിനെതിരെ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിനിടെയായിരുന്നു ജസ്റ്റിസ് ചിദംബരേഷിന്‍റെ പരാമർശങ്ങൾ.

ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ലെന്ന് പറഞ്ഞ വി എസ് അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ യോജിക്കാനാകില്ലെന്നു വ്യക്തമാക്കി.അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണെന്നു വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.

ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയിലാണ് പല അഗ്രഹാരങ്ങളുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് വി എസിന്റെ പ്രതികരണം.ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയില്‍ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. ഇത് പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നുമാണ് കോടിയേരി പറഞ്ഞത്. കോടിയേരിയുടെ പരാമര്‍ശം വസ്‌തുതാവിരുദ്ധമാണെന്നും വംശീയമാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

വി എസിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്:

നമ്മുടെ നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. എന്നാല്‍, ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല. അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ എനിക്ക് യോജിക്കാനാവുന്നില്ല.

സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാരുടെ നിലപാടിനൊപ്പമാണ് ഞാന്‍. കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന അദ്ദേഹത്തിന്‍റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ല.

വെജിറ്റേറിയാനായതുകൊണ്ടോ, കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ കഴിവുള്ളവരായതുകൊണ്ടോ ഒരാള്‍ വരേണ്യനാവുന്നില്ല. എല്ലാ സദ്ഗുണങ്ങളും സമ്മേളിച്ചിരിക്കുന്നത് ബ്രാഹ്മണനിലാണെന്ന വാദവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല.

അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണ്.

Other News