നിയമ ലംഘകരായ ഫ്‌ലാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണം: വി.എസ്


SEPTEMBER 17, 2019, 1:50 PM IST

നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദന്‍.

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരട് വിധിയെന്നും നിയമം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിയമത്തെ അനുസരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം നിര്‍മാണങ്ങള്‍ക്ക് വഴിവിട്ട് അനുമതി നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടണം. ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗം ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.നിലവില്‍ നിയമ നടപടി തുടരുന്ന ഫ്ളാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണമെന്ന് വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. മരട് ഫ്ളാറ്റ് വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. നിയമം ലംഘിച്ചത് ഫ്‌ളാറ്റ് നിര്‍മാതാക്കളാണ്. നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Other News