എല്ലാ കഷ്ടപ്പാടുകളും ഒന്നിച്ചു നിന്ന് നേരിടും; സര്‍ക്കാര്‍ ഒപ്പമുണ്ടാവും:  മുഖ്യമന്ത്രി


AUGUST 13, 2019, 3:12 PM IST

കല്‍പ്പറ്റ: സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ആഘാതമുണ്ടാക്കിയ മഴക്കെടുതികളും അതു മൂലമുണ്ടായ ബുദ്ധിമുട്ടുകളെയും കഷ്ടപ്പാടുകളെയും ഒന്നിച്ചു നിന്ന് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാര്യങ്ങളും ഒന്നിച്ചു നിന്ന് നേരിടും. ഇതിന് സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്തത്തെ അതിജീവിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാടിനൊപ്പം നിന്ന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

പലവിധ പ്രയാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനാണ് ആദ്യം സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനുശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, കൃഷി നാശമുണ്ടാവര്‍, വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. കുറച്ചുപേരെയെങ്കിലും ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ദുരന്തം നാടിനാകെ വലിയതോതില്‍ പ്രയാസം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Other News