റബ്ബര്‍ വില വര്‍ധിപ്പിച്ചാല്‍ ബി ജെ പിയെ പിന്തുണക്കാന്‍ മടിയില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്; പക്വതയില്ലാത്ത പ്രസ്താവനയെന്ന് ഫാ. പോള്‍ തേലക്കാട്ട്


MARCH 19, 2023, 6:32 PM IST

തലശ്ശേരി: റബ്ബര്‍ വില വര്‍ധിപ്പിച്ച് 300 രൂപയാക്കി കര്‍ഷകനില്‍ നിന്നും എടുക്കാന്‍ തയ്യാറായാല്‍ ബി ജെ പിക്ക് വോട്ടുചെയ്യാമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ്. പക്വതയില്ലാത്ത പ്രസ്താവനയെന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ്. 

തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് റബ്ബറിന്റെ വില വര്‍ധിപ്പിക്കുന്ന പാര്‍ട്ടിക്ക് വോട്ട് നല്‍കാമെന്നും ബി ജെ പിക്ക് അംഗമില്ലെന്ന പരാതി അവസാനിപ്പിക്കാമെന്നും പറഞ്ഞത്. എന്നാല്‍ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബി ജെ പി ആളുകളെ വിലക്കെടുക്കുന്ന നിലയിലുള്ളതാണെന്നായിരുന്നു സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലകക്കാട്ട് പറഞ്ഞത്. 

ബി ജെ പിയെ സഹായിക്കാമെന്നല്ല പറഞ്ഞതെന്നും നിലവില്‍ തങ്ങളെ സഹായിക്കുന്ന നയം രൂപീകരിക്കാന്‍ കേ്ന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് സാധിക്കുമെന്നും പറഞ്ഞത് രാഷ്ട്രീയമല്ലെന്നും ഗതികേടിന്റെ മറുകരയില്‍ നിന്നുള്ള പ്രസ്താവനയാണെന്നും ബിഷപ്പ് പാംപ്ലാനി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ലായെന്ന സത്യം ഓര്‍ക്കണമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. 

റബ്ബറിന് വില കിട്ടുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ കേന്ദ്രത്തെ പിന്തുണക്കാന്‍ മലയോര കര്‍ഷകര്‍ തയ്യാറാവും.  കാരണം മലയോര കര്‍ഷകര്‍ ഗതികേടിന്റെ വക്കിലാണെന്നും ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. 

ആരാണോ റബ്ബറിനെ പിന്തുണയ്ക്കുന്നത് അവരെ പിന്തുണയ്ക്കുമെന്നാണ് പറയുന്നത്. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടല്ല പ്രതികരണങ്ങള്‍. കേരളത്തില്‍ 15 ലക്ഷത്തിലധികം കുടുംബങ്ങള്‍ റബ്ബറിനെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നും ബിഷപ്പ് വിശദീകരിച്ചു. ബി ജെ പിയെ പിന്തുണക്കാന്‍ മടിയില്ലെന്നും മലയോര കര്‍ഷകരുടെ വികാരമാണ് പറഞ്ഞതെന്നും കത്തോലിക്ക സഭയുടെ പിന്തുണ ബി ജെ പിക്ക് എന്ന തലത്തിലേക്ക് പ്രസ്താവനയെ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ബിഷപ്പ് അല്‍പം കൂടി ഗൗരവത്തോടെ കാര്യങ്ങള്‍ കാണണമെന്ന് ഫാ. പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു. വിഷയത്തെ 300 രൂപയുടെ കച്ചവടമാക്കിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തിന്റെ സ്ഥിതി മനസ്സിലാക്കാതെയാണ് ബിഷപ്പ് പ്രസ്താവന നടത്തിയതെന്നും അത് അപകടകരമാണെന്നും ഇന്ത്യന്‍ കറന്‍സ് ചീഫ് എഡിറ്റര്‍ ഫാ. സുരേഷ് മാത്യുവും പ്രതികരിച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെ ഉത്തരേന്ത്യയില്‍ വലിയ ആക്രമണമാണ് നടക്കുന്നതെന്നും സംഘപരിവാറിനോട് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഭയുടെ പഠനം മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടിന് നോട്ടെന്നതിന് തുല്യമാണ് പ്രസ്താവനയെന്നും ഫാ. സുരേഷ് മാത്യു പറഞ്ഞു.

Other News