വിദേശ മലയാളി വനിതകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ നോര്‍ക്ക വനിത സെല്‍ പ്രവര്‍ത്തനം തുടങ്ങി


AUGUST 19, 2019, 12:21 PM IST

തിരുവനന്തപുരം:  വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി വനിതകളുടെ ക്ഷേമത്തിനായി നോര്‍ക്കയുടെ നേതൃത്വത്തില്‍ എന്‍ആര്‍കെ വനിത സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ലോക കേരള സഭ മുന്നോട്ടുവെച്ച നിര്‍ദ്ദേശമാണ് നോര്‍ക്ക നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന മലയാളി വനിതകള്‍ അബിമുഖീകരിക്കുന്ന വ്യത്യസ്തമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനുള്ള ഏക ജാലക സംവിധാനമായാണ് എന്‍ആര്‍കെ വനിത സെല്‍. തിരുവനന്തപുരത്തുള്ള നോര്‍ക്ക ആസ്ഥാനം കേന്ദ്രമാക്കിയാണ് വനിത സെല്ലിന്റെ പ്രവര്‍ത്തനം. വിദേശ മലയാളി വനിതകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും ബോധവല്‍ക്കരണവും നല്‍കുക, അവര്‍ക്ക് സുരക്ഷിതമായ കുടിയേറ്റത്തിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

വനിത സെല്ലിന് നേതൃത്വം നല്‍കുന്നത് ഒരു വനിത ഓഫീസര്‍ തന്നെയായിരിക്കുമെന്നും നോര്‍ക്ക റൂട്ട്‌സ് വ്യക്തമാക്കി.വിദേശത്ത് ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ വനിത സെല്ലിന്റെ പ്രവര്‍ത്തനത്തിന് ആകുമെന്നാണ് കരുതുന്നത്.

 പ്രവാസിവനിതകള്‍ക്ക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ നേരിട്ടുകൊണ്ടുവരാന്‍ കഴിയാത്ത വിഷയങ്ങള്‍ നോര്‍ക്ക വനിത സെല്‍ വഴി കൊണ്ടുവന്ന് പരിഹരിക്കാന്‍ കഴിയുമെന്നും നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി.

ഓരോ പ്രവാസി വനിതയ്ക്കും അവരുടെ ബന്ധുക്കള്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങള്‍ 0471-2770540 എന്ന ഫോണ്‍നമ്പരില്‍ നേരിട്ടും 9446180540 വാട്‌സ് ആപ്പ് നമ്പരിലും അറിയിക്കാം. [email protected] എന്നതാണ് ഇ മെയില്‍.