എം സി ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു


JUNE 25, 2021, 2:03 PM IST

തിരുവനന്തപുരം:  വിവാദ പരാമർശം നടത്തി പുലിവാലു പിടിച്ച മുതിർന്ന സി പി എം നേതാവ് എം സി ജോസഫൈൻ 

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം  രാജിവെച്ചു.

സിപിഎം സെക്രട്ടറിയേറ്റാണ് രാജി ആവശ്യപ്പെട്ടത്. പരാതിക്കാരോടുള്ള മോശം പെരുമാറ്റം വിവാദമായ സാഹചര്യത്തിലാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്.

സെക്രട്ടറിയേറ്റിൽ ജോസഫൈനെ നേതാക്കളാരും പിന്തുണച്ചില്ല. സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തിൽ സി പി എം നേതൃത്വം കടുത്ത അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്.

അധ്യക്ഷ പദത്തിൽ 11 മാസം കൂടി അവശേഷിക്കെയാണ് പാർട്ടി ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്. അടുത്ത വർഷം മെയ് വരെയാണ് വനിതാ കമ്മീഷൻ ജോസഫൈന് കാലാവധി ഉണ്ടായിരുന്നത്.

വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇടത് ആഭിമുഖ്യമുള്ളവരിൽ നിന്നുപോലും വിമർശനം നേരിട്ടിരുന്നു. വിഷയത്തില്‍ ജോസഫൈനെതിരെ നടപടി വേണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്.

തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അധ്യക്ഷ പങ്കെടുത്തതിലും പാർട്ടിക്കുള്ളില്‍ എതിരഭിപ്രായമുണ്ട്. മുൻപുണ്ടായ വിവാദങ്ങളെ തുടർന്ന് പ്രതികരണങ്ങളിൽ കരുതൽ വേണമെന്ന ശക്തമായ നിർദ്ദേശം നിലനിൽക്കെയാണ് ജോസഫൈൻ വീണ്ടും പരിധിവിട്ടത്.

Other News