ഫോണ്‍ചെയ്യവേ കിണറ്റില്‍ വീണ യുവാവിന് കരക്കുകയറാനായത് രണ്ട് ദിവസം കഴിഞ്ഞ്   


JULY 7, 2019, 2:33 PM IST

തിരുവനന്തപുരം: പരിസരം മറന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണുപോയ യുവാവിന്  കരക്ക് കയറാനായത് രണ്ട് ദിവസം കഴിഞ്ഞ്. യുവാവ് കിണറ്റില്‍ വീണ വിവരം ആരും അറിയാതിരുന്നതാണ് രക്ഷപ്പെടുത്തല്‍ വൈകിയത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ടാണ് സംഭവം. വീടിന് ചേര്‍ന്നുള്ള കിണറ്റിന്റെ ആള്‍ മറയുടെ തൂണില്‍ ചാരിയിരുന്നു ഫോണ്‍ ചെയ്യുന്നതിനിടയിലായിരുന്ന  കിണറ്റില്‍ വീണ കൊഞ്ചിറ നാല്മുക്ക് വിളയില്‍ വീട്ടില്‍ പ്രദീപാണ് (38) രണ്ടു രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞത്. ശനിയാഴ്ച ഉച്ചക്ക്  കിണറ്റിന് സമീപത്തുകൂടി കടന്നു പോയവര്‍ ഉള്ളില്‍ നിന്നു ശബ്ദം കേട്ട് നോക്കിയപ്പോള്‍ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്.

പ്രദീപും അമ്മയും മാത്രമാണ് വീട്ടില്‍ താമസം. സംഭവം നടക്കുമ്പോള്‍ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. രണ്ട് അടിയോളം വെള്ളം മാത്രമാണു കിണറ്റില്‍ ഉണ്ടായിരുന്നത്.  പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട പ്രദീപ് കിണറ്റിന്റെ തൊടിയോട് ചേര്‍ന്നുള്ള ഭാഗത്ത് കയറിയിരുന്നു. കരക്ക് കയറാന്‍ കഴിയുമായിരുന്നുമില്ല.

വിവരമറിഞ്ഞ് നെടുമങ്ങാട്ടെ ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന്‍ ഓഫിസര്‍ ഡി.അജികുമാറിന്റെ നേതൃത്വത്തില്‍ രക്ഷകരെത്തി കിണറ്റില്‍ വല ഇറക്കിയാണ് പ്രദീപിനെ കരയ്ക്ക് എത്തിച്ചത്.

Other News