കൊച്ചി നെട്ടൂരില്‍ യുവാവിനെ കൂട്ടുകാര്‍ കൊന്നു ചെളിയില്‍ താഴ്ത്തി; നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍


JULY 11, 2019, 5:53 PM IST

കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതശരീരം കല്ല് കെട്ടി ചെളിയില്‍ താഴ്ത്തി.

കുമ്പളം മാന്നനാട്ട് വീട്ടില്‍ അര്‍ജുന്റെ (20) മൃതദേഹമാണ് നെട്ടൂര്‍ റെയില്‍െ വേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ പ്രദേശത്തെ ചതുപ്പില്‍ കണ്ടെത്തിയത്.

ഈ മാസം രണ്ട് മുതല്‍ അര്‍ജുനെ കാണാതായിരുന്നു. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പനങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു.

അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്നും സൂചനയുണ്ട്. ഒന്നാം പ്രതി റോണി, രണ്ടാം പ്രതി നിപിന്‍, മൂന്നാം പ്രതി അനന്ദു, നാലാംപ്രതി അജിത് കുമാര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളില്‍ ഒരാളുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അര്‍ജുന്‍ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ വച്ച് അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ മരിച്ചു. അര്‍ജുന് സാരമായി പരുക്കേറ്റിരുന്നു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

അര്‍ജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു.

സംഭവ ദിവസം അര്‍ജുനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മര്‍ദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാള്‍ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ രണ്ടിനു രാത്രി 10ന് വീട്ടില്‍ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളില്‍ കൃത്യം ചെയ്തതായാണു മൊഴി. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് കൂടുതല്‍ വിവരം പുറത്തു വിട്ടിട്ടില്ല.മകനെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് അര്‍ജുന്റെ പിതാവ് വിദ്യന്‍  പറഞ്ഞു.

രണ്ടാം തിയതി മുതല്‍ മകനെ കാണാനില്ലെന്ന് കാണിച്ച് മൂന്നാം തിയതി തന്നെ പനങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭീഷണി ഉണ്ടായെന്നും അര്‍ജുന്റെ സുഹൃത്തുക്കളില്‍ നിന്നാണ് ഭീഷണിയുണ്ടായതെന്നും വിദ്യന്‍ പൊലീസിനോട് പറഞ്ഞു. 'നിങ്ങളും അന്വേഷിക്ക്, ഞങ്ങളും അന്വേഷിക്കാം' എന്നായിരുന്നു പൊലീസിന്റെ മറുപടി. പിന്നീട് ഫോണില്‍ അന്വേഷണത്തെ കുറിച്ച് തിരക്കിയപ്പോള്‍ 'ഞങ്ങള്‍ കണിയാന്മാരല്ല' എന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും വിദ്യന്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. ഇതിനുശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Other News