ഇരട്ടക്കൊലപാതകം നടത്തിയ 13കാരന്‍ കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു


NOVEMBER 8, 2019, 12:30 AM IST

നോര്‍ത്ത് കരോളിന:ഇരട്ടക്കൊലപാതകം നടത്തിയതിൽ പ്രതിയായതിനെത്തുടർന്ന് ലംബര്‍ട്ടണ്‍ (നോര്‍ത്ത് കരോളിന) ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പതിമൂന്നുകാരന്‍ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം.

കാലില്‍ ചങ്ങലയിട്ടിരുന്ന, ചെരിപ്പ് ഉപയോഗിക്കാത്ത പതിമൂന്നുകാരന്‍ ജെറീക്കോ റോബ്‌സണ്‍ കൗണ്ടി കോര്‍ട്ട് ഹൗസില്‍ നിന്ന് പുറത്തുവരുന്നതിനിടയിലാണ് രക്ഷപ്പെട്ടത്.

സഹോദരങ്ങളായ ഫ്രാങ്ക് തോമസ് (34), ആസം തോമസ് (33) എന്നിവർ വീട്ടില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 14 നാണ് ജെറീക്കോയെ പൊലീസ് ഇരട്ടക്കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന നിയമം ഉണ്ടെങ്കിലും പതിമൂന്നുകാരൻ അപകടകാരിയാണെന്നും, പിടികൂടാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു നോര്‍ത്ത് കരോളിനാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ജെറിക്കോയുടെ ചിത്രം പരസ്യപ്പെടുത്തിയിട്ടുണ്ട്.

അഞ്ചടി ഉയരവും, 110 പൗണ്ടുള്ള ജെറീക്കോയെ കുറിച്ച് അറിവ് ലഭിക്കുന്നവര്‍ 911 വിളിച്ചു അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പോലീസ് പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.