ഷിക്കാഗൊ: ഷിക്കാഗോയില്‍ വെച്ച് മെയ് 27-ന് ശനിയാഴ്ച്ച നടക്കുന്ന ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ (അല) ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍(എഎല്‍എഫ്-2023) എന്ന സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു.
ശനിയാഴ്ച്ച രാവിലെ 10:30-ന് ഷിക്കാഗൊ ചാപ്റ്റര്‍ പ്രസിഡന്റ് എബി സുരേഷ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മലയാളത്തിന്റെ സാഹിത്യ കുലപതി സക്കറിയ തന്റെ പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ വായിച്ചുകൊണ്ട് എഎല്‍എഫ്-2023 ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന വിവിധ സെഷനുകളില്‍ സക്കറിയ, ബെന്യാമിന്, ഡോണ മയൂര, എതിരന്‍ കതിരവന്‍, പ്രിയ വര്‍ഗീസ്, അനിലാല്‍, ഷിജി അലക്സ് എന്നിവര്‍ നേതൃത്വം നല്‍കും.
വിശ്വവിഖ്യാതനായ മലയാള സാഹിത്യകാരന് ബഷീറിന്റെ സ്മരണയുണര്‍ത്തുന്ന ബഷീര്‍ കോര്‍ണര്‍, കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഭക്ഷണശാല, കുട്ടികള്‍ക്കായി ഒരുക്കുന്ന കരകൗശല ശില്പശാല, മലയാളത്തിലെ പ്രസിദ്ധരായ കവികളുടെയും സാഹിത്യകാരന്മാരുടെയും പുസ്തകങ്ങള്‍ അടങ്ങുന്ന പുസ്തക വിപണനമേള എന്നിവ ഈ സാഹിത്യോത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഉച്ചയ്ക്കുശേഷം നടക്കുന്ന കലാ സെഷനുകളില്‍ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി രചനി അവതരിപ്പിക്കും. തുടര്‍ന്ന് വിശ്വമാനവികതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാപരിപാടികളും വ്യത്യസ്തമായ നൃത്ത കലാപരിപാടികളും സാഹിത്യോത്സവത്തിന് മാറ്റുകൂട്ടും.
ആര്‍ഷ അഭിലാഷ് എംസിയായി സമ്മേളന പരിപാടികള്‍ നിയന്ത്രിക്കും. പ്രവാസ സമൂഹത്തില്‍ മലയാള സാഹിത്യത്തേയും കലയേയും സമന്വയിപ്പിച്ചുകൊണ്ടു വ്യത്യസ്തമായ അണിയിച്ചൊരുക്കുന്ന ഈ സാഹിത്യ-സാംസ്കാരിക കലോത്സവത്തിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്കുവേണ്ടി കിരണ്‍ ചന്ദ്രന് അറിയിച്ചു.
അലന് ചെന്നിത്തല