പുതുവര്‍ഷത്തില്‍ പുതിയ പദ്ധതികളുമായി അല


JANUARY 2, 2022, 7:25 AM IST

അനുപമ വെങ്കിടേഷ്

അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ അല ഈ പുതുവര്‍ഷത്തില്‍ മൂന്നു പുതിയ പരിപാടികള്‍ക്ക് തുടക്കമിടുന്നു.  അല പോഡ്കാസ്റ്റ് , അല ആര്‍ട് വര്‍ക്ക്‌ഷോപ്പ് , അല കരിയര്‍ മെന്ററിംഗ് എന്നീ പരിപാടികള്‍ ജനുവരിയില്‍ തുടങ്ങും.

പുതിയ ദേശീയ നിര്‍വാഹക സമിതി ചുമതയലേറ്റ ശേഷമുള്ള ആദ്യ ഉദ്യമം കൂടിയാണിത്.ഈ പ്രവര്‍ത്തന വര്‍ഷത്തെ ആദ്യ പദ്ധതികളില്‍ ഒന്നായ അല പോഡ്കാസ്റ്റ് ജനുവരി ആദ്യ വാരം പ്രവര്‍ത്തനം ആരംഭിക്കും എന്ന് പ്രസിഡന്റ് ഷിജി അലക്‌സ് അറിയിച്ചു .  ഇനി കേള്‍വിയുടെ കാലം ആണ്.  ഒരിടത്തിരുന്ന് പരിപാടികള്‍ കാണാനോ വായിക്കാനോ  സമയം  ഇല്ലാത്തവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കേള്‍ക്കാനും,  സിനിമാ റിവ്യൂ , അഭിമുഖങ്ങള്‍ തുടങ്ങിയവ ആസ്വദിക്കാനും അലയുടെ പോഡ്കാസ്റ്റിലൂടെ സാധിക്കുമെന്ന് ഷിജി പ്രതീക്ഷ പ്രകടിപ്പിച്ചു.

അല അക്കാദമിയുടെ കീഴില്‍ 'ആര്‍ട്ട് എക്‌സ്‌പ്ലോറേഷന്‍ വിത്ത് അല' എന്ന പേരില്‍ ത്രിദിന ആര്‍ട്ട് വര്‍ക്ക്‌ഷോപ്പ് ജനുവരി 15 , 22,  29 തീയതികളില്‍ നടത്തും . ചിത്രകലാരംഗത്തെ പ്രമുഖരായ മോപ്പസാങ് വാലത്ത് , ആലീസ് മഹാമുദ്ര , സജ്ജീവ് ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന മൂന്ന് സെഷനുകളാണ് നടക്കുക.  ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അല വെബ്സൈറ്റില്‍ ലഭ്യമാണ്.

അല സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന കരിയര്‍ മെന്ററിങ് പരിപാടി ജനുവരി പകുതിയോടെ ആരംഭിക്കും. പട്ടിക വര്‍ഗ വിഭാഗത്ത് നിന്ന്  ഉന്നത വിദ്യാഭ്യാസം  നേടാന്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്  പ്രതിമാസം 1500 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി അലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 6 മാസമായി നടത്തിവരുന്നു. ഇതോടൊപ്പം ഈ വിദ്യാര്‍ഥികളുടെ തൊഴില്‍ വികസനത്തിന്  സഹായകരമാകുന്ന വിര്‍ച്വല്‍ വണ്‍ - ടു - വണ്‍ മെന്ററിംഗ് ആണ് ഇപ്പോള്‍ നടത്താന്‍ ലക്ഷ്യമിടുന്നത് .

അല അംഗങ്ങളും അല്ലാത്തവരുമായ വിദഗ്ധരുടെ രണ്ട് ടീമുകള്‍ ഇതിനായി രൂപീകരിച്ചിട്ടുണ്ട്.  നാല്പതോളം കുട്ടികള്‍ ആണ് തുടക്കത്തില്‍ പരിപാടിയുടെ ഭാഗമാവുക .  അമേരിക്കയിലും, ഇതര രാജ്യങ്ങളിലും തൊഴില്‍ ചെയ്യുന്നതിന്റെ അനുഭവം മെന്റര്‍മാര്‍ പങ്കുവെക്കുന്നത്  കരിയറിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക്  സഹായകരമാകും എന്നാണ് അല പ്രതീക്ഷിക്കുന്നത്.