മിസിസാഗ: സീറോ മലബാര്‍ കത്തോലിക്ക രൂപതയുടെ വിദ്യാഭ്യാസ- സാംസ്‌ക്കാരിക- കലാ സാഹിത്യവേദിയായ ഡിവൈന്‍ അക്കാദമിയുടെ ഒന്നാം വാര്‍ഷികാഘോഷം മിസിസാഗ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക്ക് കത്തീഡ്രലില്‍ നടത്തി. ഡഫറിന്‍ പീല്‍ കാത്തലിക് ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡ് എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. മരിയാന്‍ മസ്സോരാറ്റോ ദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡിവൈന്‍ അക്കാദമി രക്ഷാധികാരിയും മിസിസാഗ സീറോ മലബാര്‍ രൂപത മെത്രാനുമായ മാര്‍ ജോസ് കല്ലുവേലില്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി വെരി റവ. ഫാ. ഡോ. ജോസ് ആലഞ്ചേരി, രൂപതാ വികാരി ജനറാള്‍ വെരി റവ. ഫാ. പത്രോസ് ചമ്പക്കര, തോമസ് കെ തോമസ്, ഷോണ്‍ സേവ്യര്‍, രാജു ഡേവിസ്, ഐറിന്‍ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജോയ്‌സ് പൊതൂര്‍ ഡിവൈന്‍ അക്കാദമി ഓഫ് ലേണിംഗിന്റേയും റവ. സി സിന്‍സി സി എച്ച് എഫ് ഡിവൈന്‍ അക്കാദമി ഓഫ് മ്യൂസിക്കിന്റേയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വിദ്യാര്‍ഥികളുടെ കലാവിരുന്ന് ആകര്‍ഷവും മികവുറ്റതുമായിരുന്നു.
വിദ്യാഭ്യാസത്തിലൂടെ സമഗ്ര വികസനവും ശാക്തീകരവും എന്ന ദര്‍ശനത്തിലധിഷ്ഠിതമായി 2021ല്‍ ഔദ്യോഗികാംഗീകാരത്തോടെ ആരംഭിച്ച ഡിവൈന്‍ അക്കാദമിയുടെ കീഴില്‍ ഡിവൈന്‍ അക്കാദമി ഓഫ് ലേണിംഗ്, ഡിവൈന്‍ അക്കാദമി ഓഫ് മ്യൂസിക്ക് എന്നീ രണ്ട് ഉപവിഭാഗങ്ങളുണ്ട്. ഡിവൈന്‍ അക്കാദമി ഓഫ് ലേണിംഗില്‍ ഗ്രേഡ് ഒന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള 350 കുട്ടികള്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് കെമിസിട്രി, ബയോളജി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ വിദഗ്ധരായ അധ്യാപകരുടെ കീഴില്‍ പരിശീലനം നേടുന്നു. വോക്കല്‍, കീബോര്‍ഡ്, ഗിറ്റാര്‍ എന്നിവയില്‍ 37 കുട്ടികള്‍ ഡിവൈന്‍ അക്കാദമി ഓഫ് മ്യൂസിക്കില്‍ പ്രശസ്ത സംഗീതജ്ഞനായ കാര്‍ത്തിക് രാമലിംഗത്തിന്റെ കീഴില്‍ പരിശീലനം നേടുന്നു.