കൊല്‍ക്കത്ത: പക്ഷാഘാതത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശര്‍മ്മ (24) അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നവംബര്‍ ഒന്നാം തിയ്യതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായ നടിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി സി ടി സ്‌കാന്‍ റിപ്പോര്‍ട്ട് സൂചന നല്‍കിയിരുന്നു. ഐന്ദ്രില ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ന്യൂറോസര്‍ജന്‍, ന്യൂറോളജിസ്റ്റ്, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്, പകര്‍ച്ചവ്യാധി വിദഗ്ധന്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് എന്നിവരടങ്ങിയ ടീമാണ് അവരെ ചികിത്സിച്ചത്.
'ഝുമുര്‍' എന്ന പരിപാടിയിലൂടെ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ച ഐന്ദ്രില ജിബോണ്‍ ജ്യോതി, ജിയോന്‍ കത്തി തുടങ്ങിയ പരിപാടികളിലൂടെ ജനപ്രീതി നേടി. രണ്ടുതവണ ക്യാന്‍സറിനെ അതിജീവിച്ച അവര്‍ 2015ല്‍ സ്‌ക്രീനില്‍ തിരിച്ചെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എല്ലുകളിലോ എല്ലുകള്‍ക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളിലോ ഉണ്ടാകുന്ന അപൂര്‍വ തരം ക്യാന്‍സറായ എവിങ്ങിന്റെ സാര്‍ക്കോമയാണ് ഐന്ദ്രില ശര്‍മ്മയ്ക്ക് ഉണ്ടായിരുന്നത്.