ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പുതുവര്‍ഷത്തിന് തുടക്കം


JANUARY 10, 2020, 3:50 PM IST

മഹാഗണപതി ഹോമത്തോടെയും തുലാഭാര സമര്‍പ്പണത്തോടെയും ബ്രാംപ്ടണ്‍ (കാനഡ) ഗുരുവായൂരപ്പന്‍  ക്ഷേത്രത്തില്‍ പുതുവര്‍ഷത്തിന് തുടക്കം കുറിച്ചു. എല്ലാ പുതുവര്‍ഷ ദിനത്തിലും നടത്താറുള്ള പോലെ  ഈ വര്‍ഷവും നടത്തിയ മഹാഗണപതി ഹോമത്തിന് മഹാപ്രതിഷ്ഠ കഴിഞ്ഞിട്ടുള്ള ആദ്യത്തേത് എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു. 

വിഘ്‌നങ്ങളകറ്റി ലോകൈശ്വര്യത്തിനും സുഖത്തിനും ശാന്തിക്കും വേണ്ടി ശ്രീ ഗണേശനെ പ്രാര്‍ത്ഥിച്ചും ഗുരുവായൂരപ്പദര്‍ശനവും നടത്തി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ജനുവരി ഒന്നിന് ബ്രാംപ്ടണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.  രാവിലെ ഏഴു മണിയോടെ ക്ഷേത്ര തന്ത്രി ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഹോമം ആരംഭിച്ചപ്പോള്‍ ഗണേശ അഷ്ടോത്തരിയും പഞ്ചരത്‌നവും ജപിച്ചു നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. 

തുലാഭാര സമര്‍പ്പണം:.  മറ്റൊരു പ്രധാന ചടങ്ങിനും പുതുവര്‍ഷം സാക്ഷ്യം വഹിച്ചു.  ഭക്തരെല്ലാം കാത്തിരുന്ന തുലാഭാരം വഴിപാടിനുള്ള സംവിധാനം  ക്ഷേത്ര ഭരണസമിതി പൂര്‍ത്തിയാക്കിരുന്നു.  ഭക്തര്‍ സ്വയം അവനവനെ തന്നെ ഈശ്വരസന്നിധിയില്‍ സമര്‍പ്പിക്കുന്നു എന്ന് സങ്കല്പിക്കുന്ന തുലാഭാരം വഴിപാട് ഭഗവാന് ഏറെ പ്രാധാന്യമുള്ളതായി സാക്ഷാല്‍ ഗുരുവായൂരിലും കരുതി പോരുന്നു. ഇതിവിടെ കാനഡയിലും ലഭ്യമാക്കാന്‍ ക്ഷേത്രം  നിര്‍മാണ സമിതി ഉദ്ദേശ്ശിച്ചിരുന്നത് ഇതോടെ  സാഫല്യമായി. രാവിലെ ഒമ്പതു മണിയോടെ നടന്ന തുലാഭാര സമര്‍പ്പണ ചടങ്ങിന് ശേഷം പ്രസിഡണ്ട് ശ്രീ കരുണാകരന്‍ കുട്ടി ആദ്യത്തെ തുലാഭാരം വഴിപാട് കല്‍ക്കണ്ടം കൊണ്ട് നടത്തി. തുടര്‍ന്ന് അദ്ദേഹം ഭക്തജനങ്ങക്കുള്ള സന്ദേശത്തില്‍ എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ഇതുവരെയുള്ള എല്ലാവരുടെയും അകമഴിഞ്ഞ സഹായത്തിനും സഹകരണത്തിനും നന്ദി പറയുകയും ചെയ്തു.  ക്ഷേത്രത്തിന്റെ  സേവനം കൂടുതല്‍ കാര്യക്ഷമമാക്കുവാനുതകുന്നത്തിന്റെ ഭാഗമായി ഈയിടെ പുതുതായി നിയമിച്ച ശാന്തിക്കാരന്‍ ശ്രീ നാരായണന്‍ നമ്പൂതിരിയേയും അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി.   പിന്നീട് കൊച്ചു കുട്ടികളടക്കമുള്ള പല ഭക്തരും തുലാഭാരം വഴിപാട് നടത്തിയത് ഭക്തിനിര്‍ഭരമായ കൗതുക കാഴ്ചയായി. 

ഇതേ ദിവസം 2020ലെ ക്ഷേത്രം കലണ്ടര്‍  ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. എത്തി ചേര്‍ന്ന ഭക്തര്‍ക്കെല്ലാം പരസ്പരം പുതുവര്‍ഷം ആശംസിക്കാനും പുതിയ പരിചയക്കാരെ ഉണ്ടാക്കുവാനും ഈ ദിവസത്തില്‍ അവസരമുണ്ടായി.തുളസിമാലയണിഞ്ഞു, ചന്ദനം ചാര്‍ത്തി, നിറമാലയുടെയും ചുറ്റുവിളക്കിന്റെ പ്രഭാപൂരിതയില്‍ ഭഗവല്‍ ദര്‍ശനത്തിനായി രാത്രി 8 മണിവരെയും ഭക്തര്‍ എത്തി കൊണ്ടിരുന്നു.