ടെന്നസി: പെന്തകൊസ്തു വിശ്വാസത്തിന്റെ കരുത്തനായ പോരാളിയും ചാറ്റനൂഗ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗവും വെണ്ണിക്കുളം വാളക്കുഴി ആലുനില്ക്കുന്നതില് എ വി ഡാനിയേല്‍ (75) ടെന്നിസിയില്‍ അന്തരിച്ചു. വര്‍ഗ്ഗീസ്- ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ നാലാമനായി ജനിച്ച ഡാനിയല്‍ ജോലിയോടനുബന്ധിച്ച് ഒറീസ്സയിലേക്ക് പോയി. അവിടെവെച്ച് സത്യസുവിശേഷത്തിലേക്ക് ആകൃഷ്ടനായി പെന്തക്കോസ്ത് വിശ്വാസിയായി. 1970ല്‍ വിവാഹിതരായ മറിയാമ്മ- ഡാനിയേല്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കള്‍ ഉണ്ട്.
1976ല്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറുകയും ചാറ്റനൂഗ, ടെന്നസിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. 1982ല്‍ എളിയതോതില്‍ ആരംഭിച്ച എ വി എം എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ഇന്ന് ഹോട്ടല്‍ സപ്ലൈസ് രംഗത്ത് ഏറെ ശ്രദ്ധേയമായതിനു പിന്നില്‍ ഇദ്ദേഹത്തിന്റെ കഠിന പ്രയത്നവും സമര്‍പ്പണവും പ്രശംസയര്ഹിക്കുന്നതോടൊപ്പം പുത്തന്‍ തലമുറയ്ക്ക് മാതൃകാപരവുമാണ്.
ചാറ്റനൂഗയില്‍ മലയാളി ആത്മീക കൂടിവരവുകള്‍ ഇല്ലാതിരുന്ന കാലത്ത് 1985ല്‍ പാസ്റ്റര്‍ കെ ജെ മാത്യുവിനോടൊപ്പം ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് എന്ന ആത്മീക കൂട്ടായ്മയ്ക്ക് തുടക്കകാരനായ ഈ സുവിശേഷ സ്നേഹിയുടെ സേവനം സഭയ്ക്ക് വിസ്മരിക്കുവാന്‍ കഴിയുന്നതല്ല. സഭയുടെ സ്ഥാപകാംഗമായിരുന്ന ഇദ്ദേഹം മരണം വരെയും സഭാ ട്രസ്റ്റിയായും വര്‍ത്തിച്ചു വന്നു. തന്റെ ഭൗതിക വരുമാനത്തില്‍ നിന്നും ഏറിയ പങ്കും സുവിശേഷ വ്യാപ്തിക്കായി ചിലവഴിക്കുന്നതില്‍ ഉത്സുകനായിരുന്ന ഇദ്ദേഹം ഉത്തര ഭാരതത്തില്‍ സുവിശേഷീകരണത്തിലും സഭാ സ്ഥാപനത്തിലും ശ്രദ്ധാലുവായിരുന്നു.
നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെയേയും ചാറ്റനൂഗ ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെയേയും ആഭിമുഖ്യത്തില്‍ ഫെബ്രുവരി 21നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഇദ്ദേഹത്തിന്റെ സമര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയും ആത്മദാഹവും പ്രതിപാദ്യവിഷയമായിരുന്നു. ദൈവസഭകള്‍ക്കും ദൈവദാസന്മാര്ക്കും ഒരു കൈതാങ്ങ് ആയിരുന്ന ഇദ്ദേഹത്തിന്റെ വേര്‍പാട് സഭയ്ക്ക് തീരാനഷ്ടമാണ്.
ഭൗതിക സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 26, 27 തിയ്യതികളില്‍ നടക്കും. 26 വെള്ളിയാഴ്ച വൈകിട്ട് 5-8 വരെ അനുസ്മരണ സമ്മേളനവും സംസ്കാര ശുശ്രൂഷ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10- 11:30 വരെ ചാറ്റനൂഗ ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തില്‍ നടക്കും.
- പി പി ചെറിയാന്