കനേഡിയന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിന് സമാപനമായി


OCTOBER 4, 2019, 12:59 PM IST

ടൊറന്റോ: കാനഡയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷമായ ഓണമഹോത്സവം  2019 ന് കൊടിയിറക്കം. സെപ്തംബര്‍ 14ാം തീയതി ശനിയാഴ്ച മിസ്സിസാഗയിലെ ഫിലിപ്പ് പോക്കോക്ക് കാത്തലിക് സെക്കന്‍ഡറി സ്‌കൂളില്‍ വച്ചായിരുന്നു. ഡി.എം.എയുടെ ഓണാഘോഷം നടത്തപ്പെട്ടത് വൈകുന്നേരം കൃത്യം നാലരയോട് കൂടി ഓണത്തിന്റെ തനത് രുചിയേറും പതിനെട്ടിനം കറികളോട് കൂടിയ വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിച്ചു. അതിനു ശേഷം താലപ്പൊലി, മുത്തുക്കുട, മാവേലിമന്നന്‍, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടു കൂടിയ വര്‍ണ്ണാഭമായ ഘോഷയാത്ര നടത്തപ്പെട്ടു. തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ കാനഡയിലെ പ്രമുഖ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

രസിഡന്റ് ആന്റണി തോമസന്റെ സ്വാഗത പ്രസംഗത്തിനു ശേഷം കലാപരിപാടിക്ക് തുടക്കമായി. വേദിയില്‍ അരങ്ങേറിയ ഓരോ കലാ ഇനങ്ങളും ഓണത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നതായിരുന്നു. വര്‍ഷ ജോര്‍ജും റിയയും ആയിരുന്നു കലാ സാംസ്‌കാരിക പരിപാടികളുടെ മുഖ്യ അവതാരകര്‍. സോഫി സേവിയറിന്റെ നേതൃത്വത്തിലുള്ള എന്റര്‍ടെയിന്‍മെന്റ് ടീം ആയിരുന്നു കലാപരിപാടികളുടെ അവതരണത്തിന് ചുക്കാന്‍ പിടിച്ചത്.

സെക്രട്ടറി ജോര്‍ജ് പഴയിടത്തിന്റെ നന്ദി പ്രകാശനത്തോടെ കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ക്ക് തിശ്ശീല വീണു. സി.എം.എയുടെ ഇത്തവണത്തെ ഓണാഘോഷം ഇത്രയേറെ ഭംഗിയാക്കാന്‍ എല്ലാ കനേഡിയന്‍ മലയാളികള്‍ക്കും സി.എം.എയുടെ പേരിലുള്ള ഹൃദയാംഗമായ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ആന്റണി തോമസ് അറിയിച്ചു.